gnn24x7

നാട്ടറിവുകള്‍ പകര്‍ന്നൊരു’യൂട്യൂബര്‍’ മുത്തശ്ശി

0
2748
gnn24x7

ഇടുക്കി: ജീവിതാനുഭവങ്ങളും നാട്ടറിവുകളും പുതുതലമുറയ്ക്ക് പകര്‍ന്നുകൊണ്ട് കേരളത്തില്‍ പേരെടുക്കുകയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള കാഞ്ഞാര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന ‘കമലമ്മ രാഘവന്‍’ എന്ന ഒരു മുത്തശ്ശി. ലോക്ഡൗണ്‍ കാലത്ത് യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന മുത്തശ്ശിക്ക് യാത്രകള്‍ പോകാന്‍ പറ്റാതെ വന്നപ്പോഴാണ് തന്റെ ജീവിതാനുഭവം കൊണ്ടും ഏറെക്കാലം വയനാട്ടിലെ സ്ഥിരതാമസം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആദിവാസി സമൂഹത്തിലെ കാട്ടുവൈദന്മാരില്‍ നിന്നും സ്വായത്തമാക്കിയ അറിവുകളും മറ്റും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശി തയ്യാറായത്. അതിനായി മുത്തശ്ശി തിരഞ്ഞെടുത്തതാവട്ടെ യൂട്യൂബ് ചാനലും. ഇതറിഞ്ഞ മുത്തശ്ശിയുടെ സഹോദരിയുടെ മകള്‍ പൂര്‍ണ്ണസന്തോഷത്തോടെ മുത്തശ്ശിക്ക് ഒപ്പം ചേര്‍ന്നു. അതോടെ ഫ്രീക്കന്മാരൊപ്പം തന്റെ വേറിട്ട യൂട്യൂബ് ചാനലുമായി മുത്തശ്ശി ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.

യ്യൂട്യൂബ് ചാനലിലൂടെ നിത്യ ജീവിതത്തില്‍ നമുക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും മുത്തശ്ശി വളരെ മനോഹരമായി പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി മുത്തശ്ശി ലോകത്തോടു സംവദിക്കുന്നത് നാട്ടുവൈദ്യമാണ്. നാട്ടുവൈദ്യത്തെക്കൂടാതെ നിത്യജീവിതത്തില്‍ നമുക്ക് ഉപയോഗിക്കാവുന്ന വിവിധ തരം പൊടിക്കൈകള്‍, പിന്നെ മുത്തശ്ശിക്ക് അറിവുള്ള വളരെ വിചിത്രമായ വിഭവങ്ങളുടെ പാചകങ്ങള്‍, അതുപോലെ എണ്‍പതുവര്‍ഷക്കാലം താന്‍ നടത്തിയിട്ടുള്ള യാത്രകള്‍ ഇവയെല്ലാമാണ് മുത്തശ്ശിക്ക് പറയന്‍ ഏറെ ഇഷ്ടം. ഇതെല്ലാം ഒരു കഥപറയുന്ന ലാഘവത്തോടെ മനോഹരമായി വിവരിക്കുന്നതാണ് മുത്തശ്ശിയുടെ യൂട്യൂബ് വീഡിയോ.

മുത്തശ്ശി വിവരിക്കുന്ന നാട്ടുവൈദ്യങ്ങള്‍ക്ക് പ്രത്യേകതള്‍ ഏറെ ഉണ്ടെന്നുള്ളത് യൂട്യൂബ് വീഡിയോയിലൂടെ നമുക്ക് മനസിലാക്കാന്‍ സാധ്യമാവും. ഇവയില്‍ മുത്തശ്ശി വിവരിക്കുന്ന നാട്ടുവൈദ്യത്തില്‍ മിക്കവയും ഏതൊരാള്‍ക്കും യാതൊരു തടസമോ വിഷമമോ ഇല്ലാതെ വീട്ടില്‍ നിന്നു തന്നെ ചെയ്യാന്‍ പറ്റുന്ന ലഘുവായവയാണ്. എല്ലാ തരത്തിലുമുള്ള ചെറുതും വലുതുമായ കാര്യങ്ങള്‍ക്കുള്ള പ്രതിവിധികളും കഥകളും എണ്‍പതുകാരിയായ മുത്തശ്ശിയുടെ അറിവിലുണ്ട് എന്നതും ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്. ഈ കഴിഞ്ഞ ജൂലൈയില്‍ തന്റെ 80-ാമത്തെ വയസ്സ് തന്റെ മൂന്നു മക്കളോടും മരുമക്കളോടും കൂടെ വളരെ ആഘോഷത്തോടെ കൊണ്ടാടിയ മുത്തശ്ശി തന്റെ അനുഭവത്തിന്റെ കലവറകള്‍ വരും വീഡിയോയില്‍ തുറക്കാനിരിക്കുകയാണ്.

യാത്രകളെ വല്ലാതെ പ്രണയിക്കുന്ന മുത്തശ്ശി ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഈ പ്രായത്തിനിടയില്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹൈദരാബാദ് തുങ്ങിയ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വാതോരാതെ പറയാന്‍ ഒരുങ്ങുകയാണ് മുത്തശ്ശി. ഇന്ത്യുടെ അതിര്‍ത്തികള്‍ പങ്കിടുന്ന വാഗാബോര്‍ഡറിലെ അനുഭവം മുത്തശ്ശി വിവരിക്കുന്നത് കേട്ടാല്‍ ശ്വാസം വിടാതെ നമ്മള്‍ ഇരിക്കും. ലോക്ഡൗണിന് തൊട്ടുമുന്‍പ് പോണ്ടിച്ചേരിയിലേക്കുള്ള യാത്രകള്‍ വീണ്ടും തുടങ്ങാനിരിക്കേയാണ് ലോക്ഡൗണ്‍ വരികയും മുത്തശ്ശി വീട്ടില്‍ തന്നെ ഇരിക്കേണ്ടുന്ന അവസ്ഥ സംജാതമായത്. അപ്പോഴാണ് തന്റെ അനുഭവങ്ങളും അറിവുകളും കഥകളും എല്ലാവരുമായി പങ്കിടാമെന്ന തീരുമാനമെടുത്തതും യൂട്യൂബ് വീഡിയോ ചാനല്‍ എന്ന ന്യൂജെന്‍ സംരംഭത്തിലേക്ക് ചുവടുവച്ചതും.

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ ഇതിനകം നിരവധിപേര്‍ അഭിപ്രായങ്ങളും കമന്റുകളുമായി മുത്തശ്ശിയെ സമീപിക്കുവാന്‍ തുടങ്ങിയപ്പോഴാണ് മുത്തശ്ശി ശരിക്കും യൂട്യൂബര്‍ ആയി മാറിയത്. ചിലര്‍ മുത്തശ്ശിയെ നേരിട്ട് വിളിച്ച് പല സംശയങ്ങളും ചോദിക്കുന്നത് കേള്‍ക്കുമ്പോഴാണ് മുത്തശ്ശിയുടെ ഈ യൂട്യൂബ് എത്രത്തോളം ആളുകള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. തന്റെ അറിവുകളോടൊപ്പം കവിതാപാരായണം അക്ഷരശ്ലോകം ഇവയിലൊക്കെയുള്ള അറിവും കമ്പവും മുത്തശ്ശി യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതുമാത്രം ഇഷ്ടപ്പെടുന്നവര്‍ മുത്തശ്ശിയെ തേടി അഭിപ്രായങ്ങളുമായും വരാറുണ്ട്.

നല്ല കമന്റുകളും മറ്റു രീതിയിലുള്ള പ്രതികരണങ്ങളും ലഭിച്ചതോടെ കമലമ്മ മുത്തശ്ശി വളരെ സന്തോഷവതിയാണ്. രണ്ടാഴ്ചകൊണ്ട് അപ്ലോഡ് ചെയ്ത വീഡിയോ കണ്ടവര്‍ പറയുന്നത്, ” ഞങ്ങള്‍ക്ക് ഇതിനെപ്പറ്റിയൊന്നും ഒരറിവും ഉണ്ടായിരുന്നില്ല. ഇത്രയേറെ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല” എന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ മുത്തശ്ശി എല്ലാവരേയും നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യും.

എണ്‍പതാം വയസ്സിലും മുത്തശ്ശി ഉല്ലാസവതിയും ഊര്‍ജ്ജസ്വലയുമാണ്. വീടിനുത്തെ ഒരു ചെറിയ തോട്ടില്‍ വളരെ ബുദ്ധിമുട്ടി നടന്ന് ചെന്ന് കൃത്യമായി കുളിച്ചു വരും. പ്രകൃതിയോട് ചേര്‍ന്നുള്ള ഈ കുളിയാണ് തന്റെ ജീവിതത്തില്‍ മുഴുവന്‍ ഈ ഊര്‍ജ്ജം ലഭിക്കുന്നതെന്ന് മുത്തശ്ശി പറയുന്നു. ഒരിക്കല്‍ ഹൃദയസ്തംഭനം സംഭവിച്ചുവെങ്കിലും പൂര്‍ണ്ണമായും സന്തോഷവതിയും ആരോഗ്യവതിയുമാണ് കമ്മലമ്മ മുത്തശ്ശി. തന്റെ ജീവിതം ഇനിയും ഏറെ അടിച്ചുപൊളിക്കാനുണ്ടെന്ന് പറഞ്ഞ് മുത്തശ്ശി ഇപ്പോഴും പല കാര്യങ്ങളുമായി ചാടിയിറങ്ങുമ്പോള്‍ പുതുതലമുറയിലെ കൊച്ചുമക്കള്‍ പോലും ശങ്കിച്ചു പോവുകയാണ്.

മുത്തശ്ശി ഇന്നത്തെ തലമുറയ്്ക്ക് ഒരു പ്രചോദനമാണ്. ചിലപ്പോഴൊക്കെ അവര്‍ എല്ലാവര്‍ക്കും ഊര്‍ജ്ജമാണെന്ന് ബന്ധുമിത്രാദികളും പരിസരവാസികളും ആണയിട്ട് പറയുന്നു. 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങിപ്പോയെങ്കിലും ജീവിത പ്രതിസന്ധികളെ ഒറ്റയ്ക്ക് തരണം ചെയ്ത മുത്തശ്ശി തന്റെ ജീവിതം കൊണ്ട് എഴുതപ്പെട്ടത് ഒരു പുതിയ ചരിത്രമാണെന്നു വേണമെങ്കില്‍ പറയാം. ഇന്നത്തെ സ്ത്രീമുന്നേറ്റ വിഭാഗക്കാര്‍, തീര്‍ച്ഛയായും മുത്തശ്ശിയുടെ ജീവിതം ഒരു പാഠമാക്കേണ്ട വസ്തുതയാണ്. ജീവിതത്തിന്റെ എല്ലാ കഠിനമായ പ്രതിസന്ധികളിലും തളരാതെ തകരാതെ തന്റെ സ്വന്തം മനശക്തികൊണ്ട് ലോകം കീഴടക്കിയ മുത്തശ്ശിക്ക് ഇന്നത്തെ തലമുറയോട് ഏറെ പറയാനുണ്ടാവും എന്നതില്‍ ഒരു സംശയവും വേണ്ട.

യാത്രകളോടുള്ള ഭ്രമം മുത്തശ്ശിക്ക് വളരെ മുന്‍പേ ഉണ്ടായിരുന്നു. എന്നാല്‍ ഈ കോവിഡ് പശ്ചാത്തലം അതിന് എതിരെ നിന്നപ്പോഴും മുത്തശ്ശി പിന്മാറാന്‍ തയ്യാറായില്ലെന്ന് വേണം കരുതാന്‍. വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഈ മുത്തശ്ശി തയ്യാറല്ലായിരുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും സന്തോഷത്തോടെയും ഉല്ലാസത്തോടെയും ഊര്‍ജ്ജത്തോടെയും ചിലവഴിക്കാന്‍ മാത്രം ആഗ്രഹിച്ച മുത്തശ്ശി യൂട്യബ് ചാനല്‍ എന്നതിലേക്ക് മുത്തശ്ശിയുടെ സഹോദരിയുടെ മകളായ രശ്മി സന്തോഷിന്റെ സഹായത്തോടെ പ്രവേശിക്കുകയായിരുന്നു. മുത്തശ്ശിയുടെ എല്ലാ യാത്രകളുടെയും പ്രധാന പിന്തുണയും പ്രേരണയും രശ്മിയാണ്.

ഒരിത്തിരി നേരം ഈ കമലമ്മ മുത്തശ്ശിയോടൊപ്പം ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് മുന്നിലെ ഒട്ടുമിക്ക സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മുത്തശ്ശിയുടെ കയ്യില്‍ എന്തെങ്കിലും ഉത്തരമുണ്ട് എന്നതാണ് വാസ്തവും അത്ഭുതവും. ശുഭാപ്തിവിശ്വാസവും ഊര്‍ജ്ജസ്വലതയും കൈമുതലായ മുത്തശ്ശി ഇപ്പോഴും തന്റെ പുതിയ യൂട്യൂബ് വീഡിയോ തയ്യാറാക്കാനുള്ള തിരക്കിലാണ്.

– പാമ്പള്ളി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here