അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ. 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ടീം അയർലൻഡിന്റെ പതാകയേന്തുക എന്ന അഭിമാന നേട്ടം സ്വന്തമാക്കിയിക്കുകയാണ് ഹന്ന. യൂത്ത് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് പതാകയേന്താനുള്ള അവസരം ഹന്നയ്ക്ക് ലഭിച്ചത് കായികലോകത്തെ ശ്രദ്ധേയമായ അംഗീകാരമാണ്.
ഓരോ ഐറിഷ് മലയാളികൾക്കും യുവതലമുറയ്ക്കും പ്രചോദനമായി മാറിയിരിക്കുകയാണ് ഈ പതിനഞ്ചു വയസ്സുകാരി. ടീം അയർലൻഡിന്റെ പതാകയേന്താൻ തന്നെ തിരഞ്ഞെടുത്ത വിവരം ഹന്ന അറിഞ്ഞത് അപ്രതീക്ഷിതമായിട്ടാണ്. മുതിർന്ന ഐറിഷ് ബോക്സിംഗ് താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ കെല്ലി ഹാരിങ്ടൺ ഹന്നയ്ക്ക് ടീം അയർലൻഡിന്റെ കിറ്റ് ബാഗ് കൈമാറുകയും യാത്രയ്ക്ക് ആശംസകളും പ്രോത്സാഹനവും നൽകുകയും ചെയ്തു.

അയർലൻഡിൽ താമസിക്കുന്ന മലയാളി ദാമ്പത്തികളായ ഷോച്ചൻ ആൻഡ്രൂസ് – ബെറ്റ്സി ആന്റണി എന്നിവരുടെ ഇളയ മകളാണ് ഹന്ന ഷോച്ചൻ. പിതാവ് ഷോച്ചൻ ആൻഡ്രൂസ് Irish Department of Defence-ൽ ജോലി ചെയ്യുന്നു. മാതാവ് ബെറ്റ്സി ആന്റണി National Orthopaedic Hospital Cappagh-ലാണ് ജോലി ചെയ്യുന്നത്. ഹന്നയുടെ മൂത്ത സഹോദരി മിഷേൽ ഷോച്ചനും ബാഡ്മിന്റൺ താരമാണ്.

ഹന്നയുടെ നേട്ടത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയർലൻഡിലെയും കേരളത്തിലെയും മലയാളി സമൂഹത്തിനും ഒരുപോലെ അഭിമാനിക്കാം. വരും വർഷങ്ങളിലും ബാഡ്മിന്റണിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഹന്നയ്ക്ക് കഴിയട്ടെയെന്ന ആശംസയിലാണ് കായികപ്രേമികൾ.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S



































