gnn24x7

മൈഗ്രൻ്റ് നേഴ്സസ് അയർലണ്ടിന്റെ നിരന്തര പോരാട്ടം വിജയം കണ്ടു; ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ഫാമിലി വിസയ്ക്ക് അനുമതി

0
6540
gnn24x7

ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ജീവിതപങ്കാളിയെ കൂടി അയർലണ്ടിലേക്ക് കൊണ്ടുവരാനുള്ള മൈഗ്രൻ്റ് നേഴ്സസ് അയർലണ്ടിന്റെ കഠിന പോരാട്ടം വിജയം കണ്ടു. ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ഫാമിലി വിസ അനുവദിച്ചുകൊണ്ട് ഇന്ന് ഐറിഷ് ഗവൺമെൻറ് ഉത്തരവിറക്കി. ജനറൽ പെർമിറ്റിലുള്ള ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ മിനിമം വേതനം ജനുവരി 24 മുതൽ 30000 ആയി ഉയർത്തുകയാണ്. നിലവിൽ 27000 രൂപയായിരുന്നു വേതനം. ഇത് 30000 ആയി ഉയർത്തുന്നതോടെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ യോഗ്യരാകും. നിലവിൽ ജീവിതപങ്കാളിയെ അയർലണ്ടിലേക്ക് കൊണ്ടുവരാനുള്ള അനുമതി മാത്രമാണ് ലഭ്യമായിരിക്കുന്നത്. കുട്ടികളെയും മറ്റും കൊണ്ടുവരുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

നിരന്തരമായി മന്ത്രിമാരെയും എംപിമാരെയും കാണുകയും പാർലമെൻറ് വരെ ആവശ്യങ്ങളുമായി കടന്നു ചെല്ലുകയും സ്പീക്കറെ ഉൾപ്പെടെ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തതിന്റെ ഫലമായാണ് MNI ചരിത്ര വിജയം നേടിയെടുത്തിരിക്കുന്നത്. അയർലണ്ടിൽ കുടുംബത്തോടൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട് ഇവിടെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരായി എത്തിയവരുടെ സ്വപ്നങ്ങൾക്ക് വർണ്ണം പകർന്നിരിക്കുകയാണ് MNIയുടെ ഈ ഇടപെടൽ. MNIയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയത്തിൻറെ പൊൻതൂവൽ തന്നെയാണ് ഈ നേട്ടം. 

വെല്ലുവിളികൾ ഏറെ ഉണ്ടായിട്ടും MNI നടത്തിയ ഈ ധീരമായ പോരാട്ടം പ്രശംസനീയവും എന്നും സ്മരിക്കപ്പെടേണ്ടതുമാണ്. അയർലൻഡിൽ എത്തുന്ന നഴ്സുമാരുടെ പല പ്രതിസന്ധികളിലും MNIയുടെ ഇതുവരെയുള്ള ഇടപെടലുകൾ വളരെ വലുതാണ്. ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കോവിഡ് കാലത്ത് നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെയും പ്ലേസ്മെന്റുകളിലെയും തൊഴിലിടങ്ങളിലെയും പ്രതിസന്ധികൾ പരിഹരിക്കാൻ MNI നടത്തിയ ഇടപെടലുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്. NMBI ഡിസിഷൻ ലെറ്ററുകൾ നേരിട്ട കാലതാമസങ്ങളിലും MNI സധൈര്യം ഇടപെട്ടിരുന്നു. നിലവിൽ NMBI ഡിസിഷൻ ലെറ്ററുകൾ കാലതാമസം നേരിടാതെ ലഭിക്കുന്നതിലെ മുഖ്യപങ്കും ആ ഇടപെടലുകളിൽ ഉണ്ട്.

അയർലണ്ടിലെത്തുന്ന എല്ലാ മൈഗ്രൻ്റ് ഹെൽത്ത് പ്രൊഫഷണൽസിൻ്റെയും പ്രശ്നങ്ങളിൽ MNI വേർതിരിവുകൾ ഇല്ലാതെ ഇടപെടുന്നു. അടുത്തിടെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഉണ്ടായ വർണ്ണ വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തിലും MNI ഉറച്ച നിലപാടുമായി മുന്നോട്ടു വന്നിരുന്നു.

ഒരുപാട് ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ ജീവിതത്തിൽ പുത്തൻ ഉണർവ് നൽകിയ MNIയ്ക്ക് ഐറിഷ് ഗവൺമെൻറ് നിലവിൽ മറ്റൊരു അംഗീകാരം കൂടി നൽകിയിരിക്കുകയാണ്. കെയർ അസിസ്റ്റൻ്റുമാരുടെ ക്രിട്ടിക്കൽ സ്കിൽ പെർമിറ്റിൽ ഉൾപ്പെടുത്തുന്നതിനായി ഗവൺമെൻറ് അവലംബിക്കുന്ന ഒരു സ്റ്റിയറിംഗ് ഗ്രൂപ്പിലേയ്ക്ക് 2 മൈഗ്രൻ്റ് നഴ്സസ് അയർലൻഡ് പ്രതിനിധികളെ കൂടി ക്ഷണിച്ചിരിക്കുകയാണ്. ഈ ക്ഷണം അയർലണ്ടിലെ മൈഗ്രൻ്റ് ഹെൽത്ത് പ്രൊഫഷണൽസിന് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7