gnn24x7

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

0
22
gnn24x7

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് സെപ്റ്റംബർ 19 ശനിയാഴ്ച വിജയകരമായി  നടന്നു. അയർലണ്ടിന്റെ ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യ അതിഥിയായ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ശ്രീ മനീഷ് ഗുപ്ത, റോയൽ കോളേജ് ഓഫ് നഴ്സിംഗ് (യു കെ) പ്രസിഡന്റ് ശ്രീ ബിജോയ് സെബാസ്റ്റ്യൻ, അയർലണ്ടിന്റെ ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഗ്രോണിയ ഷീരൻ, INMO ജനറൽ സെക്രെട്ടറി ഫിൽ നിഹെ, നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് പ്രതിനിധി പട്രീഷ്യ നോലൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സമ്മേളനത്തിന്റെ പ്രധാന തീമായ റേസിസത്തെ പ്രതിരോധിക്കുക, പ്രവാസികളായ നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് നേരത്തെ പ്രഖ്യാപിച്ച Integration officer തസ്തികൾ HSEയുടെ ആറു റീജിയണുകളിൽ ഉടനെ നിയമിക്കുക, വർക്ക് പെർമിറ്റ്, ഫാമിലി വിസ, ഐറിഷ് റെസിഡൻസ് പെർമിറ്റ്, അപേക്ഷകൾക്കുള്ള വലിയ കാലതാമസം ഒഴിവാക്കുക, പ്രവാസി നഴ്സുമാരെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ റിക്രൂട്ട്മെന്റ് പ്രവണതകൾ തടയുക എന്നീ നാല് പ്രമേയങ്ങൾ സമ്മേളനത്തിൽ പാസ്സാക്കി. സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ ഈ നാല് പ്രമേയങ്ങളെയും തത്വത്തിൽ അംഗീകരിക്കുകയും അവ നടപ്പിൽ വരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇന്ത്യൻ അംബാസഡർ ശ്രീ മനീഷ് ഗുപ്ത ഇന്ത്യൻ നഴ്‌സുമാർ അയർലണ്ടിലെ ആരോഗ്യമേഖലക്കും സമൂഹത്തിനും നൽകുന്ന സേവനം എടുത്തുപറയുകയും ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിനു എംബസ്സിയുടെ പിന്തുണ ഉറപ്പാക്കുമെന്നും അറിയിക്കുകയും ചെയ്തു.  റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ ആഗോള തലത്തിൽ നഴ്സിംഗ് പ്രൊഫെഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ സാധ്യതകളും വെല്ലുവിളികളും അവതരിപ്പിച്ചു. കൂടാതെ സംഘടനയുടെ പ്രഥമ വാർഷിക പ്രസിദ്ധീകരണത്തിന്റെ ആദ്യ കോപ്പി അദ്ദേഹം സമ്മേളനത്തിൽ അനാവരണം ചെയ്തു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ സംഘടനാ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച നടത്തുകയും സംഘടന വിഷയങ്ങളിൽ അടക്കം പ്രധാന പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിദഗ്ദർ പങ്കെടുത്ത പാനൽ ഡിസ്കഷനിൽ റേസിസത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ ആധികാരികമായി ചർച്ച ചെയ്തു. ഗാർഡയുടെ ഓഫീസർ ഡെർമോട്ട് ഡിലെനി, സർക്കാരിന്റെ റേസിസം ഉപദേശക ഡോ: എബൻ ജോസഫ്, സിസ്റ്റർ ഹെലൻ ഉഗ്ബോം, MRCIപ്രതിനിധി ഡേവിഡ് ഗിബ്‌നി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച പാനൽ ഡിസ്കഷനിൽ  INMO പ്രൊഫഷണൽ ഡിപ്പാർട്മെന്റ് തലവൻ ടോണി ഫിറ്റ്‌സ്പാട്രിക്  മോഡറേറ്ററായി.  പി എച് ഡി നേടിയ കേന്ദ്ര കമ്മറ്റി അംഗം ഡോ: പ്രീതി മനോജിനെയും മികച്ച സാമൂഹ്യ സേവനം നടത്തിയതിനു മറ്റൊരു കേന്ദ്ര കമ്മറ്റി അംഗവും സിംബാബ്‌വെ സ്വദേശിയുമായ ലവേഴ്സ് പാമയിറിനെയും   സമ്മേളനത്തിൽ ആദരിച്ചു.

വർഗ്ഗീസ് ജോയിയെ ദേശീയ കൺവീനർ ആയും ഐബി തോമസിനെ ജോയിന്റ് കൺവീനർ ആയും സോമി തോമസിനെ ദേശീയ ട്രഷറർ ആയി സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. ലവേഴ്സ് പാമയർ പബ്ലിക് റിലേഷൻ കോർഡിനേറ്റർ ആയും വിജയാനന്ദ് ശിവാനന്ദൻ ദേശീയ മെമ്പർഷിപ്  കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.  മൂന്ന്  ആഫ്രിക്കൻ പ്രതിനിധികളും ഒരു പാകിസ്ഥാൻ സ്വദേശിയും 16 ഇന്ത്യക്കാരും അടങ്ങുന്ന 20 അംഗ ദേശീയ കമ്മറ്റിയും നിലവിൽ വന്നു. വർഗ്ഗീസ് ജോയ്, ഐബി തോമസ്, സോമി തോമസ്, വിജയാനന്ദ് ശിവാനന്ദൻ, ലവേഴ്സ് പാമയർ, ഷിന്റോ ജോസ്, അനൂപ് ജോൺ, മെൽബ വിൽസൺ, റോസ്ലിൻ മാത്യൂസ്, നിഷാദ് ഷൈലജൻ, ഡിജോ ജോസ്, മെൽവിൻ സെബാസ്റ്റ്യൻ, റിജോ ജോസ്, ജോർലിൻ ജോസ്, ജോയ്സി കുഞ്ഞാപ്പി, ത്രെസ്സിലെ ദേവസ്സി, ആരതി നൊറോണ, സിസെലോക്‌ലെ മംഗേന, ബ്ലെസ്സഡ് കാംഗാര, ക്വിസാർ ഷെഹ്‌സാദ് എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മറ്റി അംഗങ്ങൾ. ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തവും ഫോർ ദി റെക്കോർഡ് എന്ന ഐറിഷ്/ഫിലിപ്പിനോ ബാൻഡിന്റെ സംഗീതവും സമ്മേളനത്തിന് മാറ്റ് കൂട്ടി.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7