gnn24x7

കുട്ടികളുടെ ഐറിഷ് റീ എൻട്രി വിസ പ്രശ്നപരിഹാരത്തിന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ സജീവ ഇടപെടൽ

0
1439
gnn24x7

അയർലണ്ടിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള റീ-എൻട്രി വിസ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകളാണ് പ്രവാസി മാതാപിതാക്കൾ നേരിടുന്നത്. ഇതിന്പരിഹാരം തേടി ഐറിഷ് മലയാളിയും Dunleary County Council ലെ Labour Party സ്ഥാനാർഥി കൂടിയായ തോമസ് ജോസഫ് നടത്തിയ ഇടപെടൽ ഫലം കാണുന്നു. മുമ്പ്, കുട്ടികൾ ഉൾപ്പെടെയുള്ള വിദേശ വ്യക്തികൾക്ക് അവരുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത ഐറിഷ് വിസ ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോൾ മുതിർന്നവർക്ക് ഒരു ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡ് നൽകുന്നു. അത് യാത്രയ്ക്കുള്ള വിസയായി കണക്കാക്കപ്പെടുന്നു. നിർഭാഗ്യവശാൽ, കുട്ടികൾക്കായി പ്രത്യേകമായി IRP കാർഡോ വിസ രേഖകളോ ഇല്ല. ഐആർപി കാർഡ് കൈവശമുള്ള മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യാൻ കുട്ടികൾക്ക് അനുമതിയുണ്ട്. കുട്ടികൾക്കുള്ള ഡോക്യുമെൻ്റേഷൻ്റെ അഭാവം യാത്രാവേളയിൽ അയർലണ്ടിൽ കാര്യമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. മിഡിൽ ഈസ്റ്റ് വഴിയുള്ള യാത്രയിൽ ബുദ്ധിമുട്ട് നേരിടില്ലെങ്കിലും, യൂറോപ്പിൽ മറ്റ് രാജ്യങ്ങൾ വഴിയുള്ള യാത്ര ഇപ്പോൾ സാധ്യമല്ല.

ഉദാഹരണത്തിന്, ഹീത്രൂ എയർപോർട്ടിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ, ഐറിഷ് ബയോമെട്രിക് വിസ (ഐആർപി കാർഡ്) കൈവശമുള്ള വിദേശ പൗരന്മാർക്ക് പ്രവേശന അനുമതിയുണ്ട്. എന്നാൽ വിസ രേഖയില്ലാത്ത കുട്ടികൾക്ക് പ്രവേശിപ്പിക്കില്ല. ഈ അടുത്തായി, IRP കാർഡുള്ള നിരവധി ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അവരുടെ കുട്ടികളുമായി ഹീത്രൂ വഴി ഇന്ത്യയിലേക്ക് പ്രശ്‌നമേതുമില്ലാതെ യാത്ര ചെയ്തിരുന്നു. എന്നാൽ, മടങ്ങിയെത്തിയപ്പോൾ, കുട്ടികൾക്ക് വിസ രേഖയില്ലാത്തതിനാൽ അവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

ഇതോടെ ടിക്കറ്റ് നഷ്‌ടപ്പെടുകയും ദുബായ് വഴി വീണ്ടും ബുക്ക് ചെയ്യേണ്ടി വരികയും ചെയ്തു. ഈ സാഹചര്യം വർധിച്ച നിരക്കുകളുള്ള പ്രത്യേക ഫ്ലൈറ്റുകളിലൂടെ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാൻ ആളുകളെ നിർബന്ധിതരാക്കുന്നു. ഈ പ്രശ്നത്തെക്കുറിച്ച് അറിയാത്തവർക്ക് വൻ സാമ്പത്തിക നഷ്‌ടമുണ്ടാകുകയും ചെയ്യുന്നു. പാസ്സ്‌പോർട്ടിലെങ്കിലും കുട്ടികൾക്ക് വിസ നൽകുന്ന കാര്യം പരിഗണിക്കാനും , അധിക ചെലവുകളില്ലാതെ ബദൽ വിസ ക്രമീകരണം നടപ്പിലാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.പ്രവാസി കുടുംബങ്ങൾ നേരിടുന്ന ഈ ബുദ്ധിമുട്ടിനെ കുറിച്ച് തോമസ് ജോസഫ് സാമൂഹ്യമാധ്യമങ്ങൾ വഴി ഏവരയും അവബോധരാക്കി.

സമാന പ്രശ്‌നം നേരിട്ട ഒട്ടനവധി കുടുംബങ്ങൾ ഇതിനെതിരെ പരാതിയുമായി മുന്നോട്ട് വന്നു. യാത്രാ നിയന്ത്രണങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തോമസ് ജോസഫ് ലേബർ പാർട്ടി ലീഡർ Ivana Bacik ക്ക് പരാതി നൽകി.ഇത് സംബന്ധിച്ച് Ivana Bacik ഐറിഷ് പാർലമെൻ്റിൽ ചോദ്യം ഉന്നയിക്കുകയും ചെയ്തു. പ്രശ്നം ഉടൻ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും കാലതാമസം കൂടാതെ നടപ്പിലാക്കുമെന്ന് തോമസ് ജോസഫിനു ലഭിച്ച മറുപടിയിൽ സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീതിന്യായ വകുപ്പ് എയർലൈനുകളുമായും വിദേശ മിഷനുകളുമായും ആശയവിനിമയം നടത്തി. ഇമിഗ്രേഷൻ വകുപ്പ് ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതായി അറിയിച്ചു. ഇന്ത്യൻ എംബസിയുമായി അടുത്തിടെ നടത്തിയ ചർച്ചയ്ക്ക് ശേഷം, വിദേശത്ത് നിന്ന് അയർലണ്ടിലേക്ക് മടങ്ങുന്ന നിയമപരമായി താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുള്ള ഐറിഷ് എൻട്രി പോളിസി ഹൈലൈറ്റ് ചെയ്യുന്നതിന് ഡിപ്പാർട്ട്‌മെൻ്റ് എല്ലാ എയർലൈനുകളുമായും വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7