gnn24x7

അയര്‍ലൻഡിലെ എന്‍എംബിഐ മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ഷാല്‍ബിന്‍ ജോസഫിന് വന്‍ വിജയം

0
215
gnn24x7

ഡബ്ലിന്‍: അയര്‍ലൻഡിലെ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ (എന്‍എംബിഐ ) മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ഷാല്‍ബിന്‍ ജോസഫിന് വന്‍ വിജയം. ഓവര്‍സീസ് നഴ്സുമാരെ സംബന്ധിച്ചിടത്തോളം ചരിത്രം കുറിക്കുന്ന നേട്ടമായാണ് ഷാല്‍ബിന്റെ വിജയം വിലയിരുത്തപ്പെടുന്നത്. 1383 വോട്ടുകള്‍ ഷാല്‍ബിന് അനുകൂലമായി രേഖപ്പെടുത്തി.

തൊട്ടടുത്ത സ്ഥാനത്ത് എത്തിയ ഐറിഷ് സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 1156 , 1100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു മലയാളി സ്ഥാനാർഥിയായ രാജിമോള്‍ മോള്‍. കെ മനോജിന് 864 വോട്ടുകള്‍ ലഭിച്ചു. അയര്‍ലൻഡിലെ മലയാളി സമൂഹത്തിന്റെയും, ഇതര വിദേശിയ നഴ്സുമാരുടെയും സജീവമായ പിന്തുണയോടെയാണ് ഷാല്‍ബിന്‍ ജയിച്ചുകയറിയത്.

എറണാകുളം പറവൂര്‍ സ്വദേശിയും, ഐഎന്‍എംഓ ഇന്റര്‍നാഷണല്‍ സെക്‌ഷന്റെ വൈസ് പ്രസിഡന്റുമാണ് ഷാല്‍ബിന്‍ ജോസഫ്. നഴ്സുമാരുടെ ട്രേഡ് യൂണിയനായ എന്‍ എം ബി ഐ യുടെ സ്വന്തം സ്ഥാനാർഥിയെകൂടി പരാജയപ്പെടുത്തിയാണ് ഷാല്‍ബിന്‍ ചരിത്രവിജയത്തിലേയ്ക്ക് നടന്നടുത്തത്. വിദേശ നഴ്സുമാരുടെ പ്രാതിനിധ്യം നഴ്സിങ് ബോര്‍ഡില്‍ ഉറപ്പിക്കാന്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഷാല്‍ബിന്‍ ജോസഫ് നന്ദി അറിയിച്ചു

അയര്‍ലൻഡിലെത്തുന്ന എല്ലാ വിദേശ നഴ്സുമാരുടെയും ജിഹ്വയായി നഴ്സിങ് ബോര്‍ഡില്‍ പ്രവര്‍ത്തിക്കുവാന്‍ പരിശ്രമിക്കും. വിദേശ നഴ്സുമാര്‍ നേരിടുന്ന ഭവന ദൗര്‍ലഭ്യ പ്രശ്നം ഉള്‍പ്പെടയുള്ള നിരവധി വെല്ലുവിളികളെ ബോര്‍ഡിലും, സര്‍ക്കാരിലും അവതരിപ്പിക്കാനും, പരിഹാരം കാണാനും മുന്‍ കൈയ്യെടുക്കുമെന്നും ഷാല്‍ബിന്‍ പറഞ്ഞു.

അഞ്ച് വര്‍ഷക്കാലമാണ് ബോര്‍ഡിലെ ഷാല്‍ബിന്‍ ജോസഫിന്റെ അംഗത്വ കാലാവധി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here