gnn24x7

സീറോ മലബാർ യൂറോപ്യൻ യുവജന സംഗമം ജൂലൈ 6 മുതൽ ഡബ്ലിനിൽ

0
234
gnn24x7

ഡബ്ലിൻ : സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാൻ്റ് എവേക്ക് 2022’ ജൂലൈ 6 മുതൽ 10 വരെ അയർലണ്ടിലെ ഡബ്ലിനിൽ നടക്കും. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ (യു.സി.ഡി) നടക്കുന്ന യുവജന സംഗമത്തിൽ യൂറോപ്പിലെ 22 രാജ്യങ്ങളിൽ നിന്നായി പതിനെട്ട് വയസിനു മുകളിലുള്ള നൂറ്റമ്പതോളം യുവജനങ്ങൾ പങ്കെടുക്കും.

സീറോ മലബാർ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഐറീഷ് സഭയിലെ വിവിധ ബിഷപ്പുമാർ എന്നിവർ സംബന്ധിക്കും. ഡബ്ലിൻ സീറോ മലബാർ സോണൽ കോർഡിനേഷൻ കൗൺസിൽ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്ക് സീറോ മലബാർ അയർലണ്ട് നാഷണൽ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, യൂറോപ്പ് സീറോ മലബാർ യൂത്ത് അപ്പസ്തോലിക് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കലും, അസോസിയേറ്റ് ഡയറക്ടർ ഫാ. ജയിൻ മാത്യു മണ്ണത്തൂകാരനും നേതൃത്വം നൽകും.

പ്രചോദനാത്മകമായ സംഭാഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന, നേതൃത്വപരിശീലന ക്യാമ്പുകൾ, ആത്‌മീയ സംഗീത വിരുന്ന്, പഠന വിനോദ യാത്രകൾ എന്നിവയാണ് ഗ്രാൻ്റ് എവേക്ക് 2022 ൻ്റെ പ്രത്യേകത. ആത്‌മീയതയിലും, കൂട്ടായ്‌മയിലുമുള്ള യുവത്വത്തിൻ്റെ ഉണർവ്വാണ് ഈ സംഗമത്തിൻ്റെ ലക്ഷ്യം. 2017 ൽ റോമിൽ ആദ്യ ‘ഗ്രാൻഡ് എവേക്ക്’ നടന്നു. പിന്നീട് 2018 ൽ സ്വിറ്റ്‌സർലൻഡിലും. 2019 ൽ അയർലണ്ടിൽ നടക്കാനിരുന്ന ഗ്രാൻ്റ് എവേക്ക് കോവിഡ് പ്രതിസന്ധിയിൽ മാറ്റിവയക്കപ്പെടുകയായിരുന്നു. കോവിഡ് മഹാമാരിക്കാലഘട്ടത്തിൽ വെർച്ച്വൽ മീറ്റിംഗ് പ്ലാറ്റുഫോമുകളിലൂടെ യൂറോപ്പിലെ 22 രാജ്യങ്ങളിലും പൂത്തുലഞ്ഞ എസ്.എം.വൈ.എം യൂറോപ്പ് ഗ്രാൻ്റ് എവേക്ക് 2022 ൽ അയർലണ്ടിൽ ഒത്തുചേരുന്നു.

യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക ആത്‌മീയ കാഴ്ചപ്പാടുള്ള യുവജനങ്ങളെ വ്യത്യസ്ത ആശയങ്ങൾക്കും ഭാഷകൾക്കുമിടയിലും സുറിയാനി ക്രൈസ്തവരെന്ന ആത്‌മബോധം എസ്.എം.വൈ.എം. എന്ന പ്രസ്ഥാനത്തെ ഹൃദയത്തോടെ ചേർത്തുനിർത്താൻ സഹായിക്കുന്നു. യുവ നേതാക്കൾക്ക് അവരുടെ ശുശ്രൂഷയിൽ വ്യക്തതയും, ദൈവിക സംരക്ഷണത്തിലുള്ള ശക്തമായ ബോധ്യവും നൽകിക്കൊണ്ട് ഗ്രാൻഡ് എവേക്ക് എസ്.എം.വൈ.എം ചൈതന്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. അതിലൂടെ അവർക്ക് തങ്ങളുടെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും, ഈ വെളിച്ചം അവരുടെ സഹോദരങ്ങളിലേക്ക് പകരാനും സാധിക്കും.

എവേക്ക് അയർലണ്ട് ഗ്രാൻ്റ് എവേക്കിൻ്റ് ആദ്യദിനം ജൂലൈ 6 നു അയർലണ്ടിലെ യുവജനങ്ങളുടെ പ്രഥമ സമ്മേളനം ഈ വേദിയിൽ വച്ച് നടത്തപ്പെടും. റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും നാനൂറിൽ പരം സീറോ മലബാർ യുവജനങ്ങൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ യൂറോപ്യൻ യുവജനങ്ങളോടൊപ്പം ഒത്തുചേരും. എം.ടി.വി യിലൂടേയും വിവിധ സംഗീത ആൽബങ്ങളിലൂടേയും പ്രശസ്തനായ അമേരിക്കൻ ഗായകൻ ജോ മെലെൻഡ്രെസും ടീമും എവേക്ക് അയർലണ്ടിൽ പങ്കെടുക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കാ കലാകാരന്മാരിൽ ഒരാളായ ജോ മെലെൻഡ്രെസ് ഒരു ചലനാത്മക സംഗീത അവതാരകനും, പ്രചോദിപ്പിക്കുന്ന പ്രഭാഷകനും, വിദഗ്ദ്ധനായ റിട്രീറ്റ് ലീഡറുമാണ്.

എവേക്ക് അയർലണ്ടിനും, ഗ്രാൻ്റ് എവേക്കിനുമുള്ള രജിസ്ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലെ http://www.syromalabar.ie/ പാരീഷ് മാനേജ്മെൻ്റ് സിസ്റ്റം (പി.എം. എസ്) വഴി ആരംഭിച്ചു. എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായും, സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും നേരത്തെ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here