gnn24x7

ആംസ്റ്റർഡാമിലേക്കുള്ള ഒരു സൗജന്യ യാത്ര

0
800
gnn24x7

യൂറോപ്പില്‍ വസന്തകാലം വീണ്ടും വന്നെത്തുകയാണ്. ഈ വസന്തകാലത്ത് ഗ്രീസ്, പോർച്ചുഗൽ, ഫ്രാൻസ്, അയർലൻഡ്, ക്രൊയേഷ്യ, സ്പെയിൻ തുടങ്ങി, സഞ്ചാരികളെ മോഹിപ്പിക്കുന്ന നിരവധി ഡെസ്റ്റിനേഷനുകള്‍ യൂറോപ്പിലുണ്ട്. അതുകൊണ്ടു തന്നെ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കും ഇത് ഉത്സവകാലമാണ്.

യൂറോപ്പ് യാത്ര സൗജന്യം

വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായുള്ള ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ടിക്കറ്റ്സ് ഒരുക്കുന്ന യൂറോപ്യന്‍ രാജ്യമായ ആംസ്റ്റർഡാമിലേക്കുള്ള ഒരു സൗജന്യ യാത്രയാണ് ഇപ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതും വെറും യാത്രയല്ല, വിഐപി സ്റ്റാറ്റസ് യാത്രയാണ്. ലോകപ്രശസ്ത ട്യൂലിപ് ഗാർഡനായ ആയ ക്യൂകെൻഹോഫുമായി സഹകരിച്ചാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്.

ഭാഗ്യശാലിയായ വിജയിക്ക് നെതർലാൻഡ്സിലേക്ക് ഒരാഴ്ചത്തെ സൗജന്യ യാത്രയാണ് സമ്മാനം. 18 വയസ്സിന് മുകളിലുള്ള ആർക്കും ഇതിൽ പങ്കെടുക്കാം.

ഏപ്രിൽ 11 മുതൽ ഏപ്രിൽ 17 വരെയാണ് ‘ഫെസ്റ്റ് ഇൻ ദി ഫ്ലവേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അനുഭവം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. കൂടാതെ ട്യൂലിപ്‌സ് പുഷ്പങ്ങള്‍ പൂര്‍ണ്ണമായും പൂത്തുലയുന്ന ഏപ്രിൽ 14 ന് അവയ്ക്കിടയില്‍ ഇരുന്ന് അത്താഴം ആസ്വദിക്കുന്നത് പോലുള്ള അനുഭവങ്ങളുമുണ്ട്. ട്യൂലിപ്സ് പൂക്കൾക്കിടയിൽ ആംസ്റ്റർഡാമിലെ ഏക മിഷേലിൻ ഗ്രീൻ സ്റ്റാർ റെസ്റ്റോറന്റായ ബൊലേനിയസിൽ നിന്നുള്ള അത്താഴമാണ് രുചിക്കാന്‍ അവസരം കിട്ടുക.

ഇതുകൂടാതെ വിജയിക്ക് ലഭിക്കുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള റൗണ്ട് ട്രിപ്പ് വിമാന ചാര്‍ജ്, ക്യൂകെൻഹോഫ് സ്ഥിതി ചെയ്യുന്ന ലിസ്സെയിലെ ഹോട്ടൽ മുറികളുടെ നിരക്ക്, അതുപോലെ പൂന്തോട്ടത്തിലെ സ്വകാര്യ ടൂർ എന്നിവയുമാണ്.

കൂടാതെ, ഒരു ജോടി ആംസ്റ്റർഡാം സിറ്റി കാർഡുകൾ ഇതോടൊപ്പം ലഭിക്കുന്നതോടെ റിജ്‌ക്‌സ്‌മ്യൂസിയം, ആൻ ഫ്രാങ്ക് ഹൗസ്, വാൻ ഗോഗ് മ്യൂസിയം എന്നിവയുൾപ്പെടെ നഗരത്തിലെ ഏറ്റവും ജനപ്രിയമായ ചില ലാൻഡ്‌മാർക്കുകളിലേക്ക് പ്രവേശനം ലഭിക്കും. മാർച്ച് 12 വരെയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. ഏപ്രിൽ 21 നും മെയ് 19 നും ഇടയിൽ മത്സരാർത്ഥികളല്ലാത്തവർക്കും ഡിന്നർ ഒരുക്കുന്നുണ്ട്.

പുഷ്പ കാഴ്ചയൊരുക്കുന്ന ക്യൂകെൻഹോഫ് ഉദ്യാനം പൊതുജനങ്ങൾക്കായി തുറക്കുന്നത് മാർച്ച് പകുതി മുതൽ മെയ് പകുതി വരെയുള്ള സമയത്താണ് . എട്ടാഴ്ചയോളം ഇവിടം സന്ദര്‍ശകരെ അനുവദിക്കും. കാസിൽഫെസ്റ്റ് , ലേഡീസ് വിന്റർനൈറ്റ്, ക്രിസ്മസ് ഫെയർ തുടങ്ങിയ ഉത്സവങ്ങളും ഇവിടെ അരങ്ങേറാറുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നാണ് യൂറോപ്പിലെ ഗാർഡൻ എന്നും അറിയപ്പെടുന്ന ക്യൂകെൻഹോഫ്. ഇതിന്‍റെ വിസ്തൃതി 79 ഏക്കർ ആണ്. “അടുക്കളത്തോട്ടം” എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. സൗത്ത് ഹോളണ്ട് പ്രവിശ്യയിലും, ഹാർലെമിന് തെക്കും, ആംസ്റ്റർഡാമിന് തെക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന “ഡ്യൂൺ ആൻഡ് ബൾബ് റീജിയൻ” ( ഡ്യൂയിൻ ബോളെൻസ്ട്രീക്ക് ) എന്നറിയപ്പെടുന്ന പ്രദേശത്താണ് ക്യൂകെൻഹോഫ് ഉള്ളത്. ഹാർലെം,ലൈഡൻ ട്രെയിൻ സ്റ്റേഷനുകളിൽ നിന്നും ഷിഫോളിൽ നിന്നും ബസിൽ ഇവിടെയെത്താം.

പൂക്കൾ ഉണ്ടാകുന്ന ഏകദേശം 7 ലക്ഷം ട്യൂലിപ് ബൾബുകൾ വർഷംതോറും ഇവിടെ നട്ടുപിടിപ്പിക്കുന്നു. ട്യൂലിപ് പുഷ്പങ്ങള്‍ക്ക് ലോകപ്രസിദ്ധമായ ക്യൂകെൻഹോഫില്‍, ഹയാസിന്ത്സ്, ഡാഫോഡിൽസ്, ലില്ലി, റോസ, കാർണേഷനുകൾ, ഐറിസ് എന്നിവയുൾപ്പെടെ നിരവധി മറ്റ് പൂക്കളുമുണ്ട്.വര്‍ഷംതോറും ആംസ്റ്റർഡാം സന്ദർശിക്കുന്നത് ദശലക്ഷക്കണക്കിന് സഞ്ചാരികളാണ്. ഏപ്രിൽ മുതൽ ജൂൺ അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

കൂടുതൽ വിവരങ്ങൾക്ക്

https://www.tiqets.com/blog/feast-in-the-flowers-keukenhof/ എന്ന പേജ് സന്ദര്‍ശിക്കാം..

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here