gnn24x7

വിക്ക്ലോയിലും ടിപ്പററിയിലും കാട്ടുതീ പടരുന്നു; പുക വാട്ടർഫോർഡിലേക്കും വ്യാപിക്കുന്നു

0
189
gnn24x7

ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പ്രത്യേകിച്ച് ആസ്ത്മ, ശ്വാസതടസം, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ അറിയിച്ചു. ശ്വാസതടസം, നെഞ്ചുവേദന, കടുത്ത വീസിംഗ്, ആസ്ത്മ ലക്ഷണങ്ങൾ വഷളാകൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

തിങ്കളാഴ്ച രാവിലെ 8.45ഓടെ ക്ലോൺമെലിന് സമീപത്ത് പുക ഉയരുന്നതോടെയാണ് ടിപ്പററിയിലെ തീപിടിത്തം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ബുധനാഴ്ച കാറ്റിന്റെ ദിശ മാറിയതോടെ തീ സമീപത്തെ Coillte വനമേഖലയിലേക്ക് പടർന്നു. ഇതോടെ രൂപപ്പെട്ട കനത്ത പുക കാസൽ, ഡുവാല, ബാലിംഗാറി, മുള്ളിനഹോൺ തുടങ്ങിയ പ്രദേശങ്ങളിലേക്കും പിന്നീട് വാട്ടർഫോർഡിലേക്കും വ്യാപിച്ചു. ടിപ്പററി ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, ടിപ്പററി കൗണ്ടി കൗൺസിൽ, കോയ്ല്റ്റ്, എയർ കോർപ്സ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ ചേർന്ന് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണ്. പ്രാദേശിക കർഷകരും രക്ഷാപ്രവർത്തനങ്ങളിൽ സഹായം നൽകുന്നുണ്ട്.

അതേസമയം, വിക്ക്ലോ മലനിരകളിലും കാട്ടുതീ വീണ്ടും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച തീ ശനിയാഴ്ച നിയന്ത്രണവിധേയമായിരുന്നെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഏകദേശം 200 മീറ്റർ നീളത്തിൽ തീ വീണ്ടും ആളിപ്പടർന്നതായി വിക്ക്ലോ മൗണ്ടൻസ് നാഷണൽ പാർക്കിലെ ജില്ലാ കൺസർവേഷൻ ഓഫീസർ ആൻ ഫിറ്റ്‌സ്പാട്രിക് അറിയിച്ചു. ഗ്ലെൻക്രീ ഭാഗത്തേക്ക് തീ പടരുന്നതിനാൽ കനത്ത പുക പ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്. ഇതുവരെ വിക്ക്ലോ–ഡബ്ലിൻ അതിർത്തിയിലെ ഫെതർബെഡ്സ് മേഖലയിലെ ഏകദേശം 200 ഹെക്ടർ ഭൂവിഭാഗം തീയിൽ നശിച്ചതായാണ് അധികൃതർ വ്യക്തമാക്കിയത്.

തീ അണയ്ക്കുന്നതിനായി ബ്ലെസിംഗ്ടൺ, ബ്രേ ഫയർ സർവീസുകൾ, ഹെലികോപ്റ്റർ, നാഷണൽ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ വലിയ സംഘങ്ങൾ എന്നിവയെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുനാർഡ്–ഗ്ലെൻക്രീ റോഡ് താത്കാലികമായി അടച്ചിരിക്കുകയാണ്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും പുക വ്യാപിച്ച പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7