gnn24x7

കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ; താരം അപകടനില തരണം ചെയ്‌തു

0
267
gnn24x7


മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

വലത് കാൽമുട്ടിലെ ലിഗമെന്‍റിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആര്‍ഐ സ്കാനിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. രാവിലെ 5.30ന ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കല്‍ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിന്‍റെ ആഘാതത്തില്‍ നിന്ന് താരത്തിന് പുറത്ത് വരാന്‍ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് പറഞ്ഞു. വാഹനത്തിന്റെ ചില്ലുകള്‍ സ്വയം തകര്‍ത്താണ് താരത്തെ പുറത്തുവന്നതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കി.

ഒരു വര്‍ഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇപ്പോള്‍ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് കാല്‍മുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി റിഷഭ് പന്തിനോട് രണ്ടാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.  ജനുവരി 3 മുതല്‍ 15 വരെയാണ് എന്‍സിഎയില്‍ പന്തിന്റെ പരിശീലനം നിശ്ചയിച്ചിരുന്നത്. കാല്‍മുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടിയിരുന്നു.  താരത്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here