പോച്ചെഫെസ്ട്രൂം: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ അഞ്ചാം കിരീടം തേടി ഇന്ത്യ. ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യയുടെ തുടക്കം മന്ദഗതിയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 25 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രണ്ടു റൺസെടുത്ത ദിവ്യാൻഷ് സക്സേനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 44 റൺസോടെ യശസ്വി ജയ്സ്വാളും 28 റൺസുമായി തിലക് വർമയുമാണ് ക്രീസിൽ.
ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരവും ജയിച്ച് ആധികാരികമായാണ് ഇന്ത്യ ഫൈനലിനെത്തിയത്. ഒരു കളിയിലും എതിരാളികൾക്ക് അവസരം നൽകിയിട്ടില്ല പ്രിയം ഗാർഗും സംഘവും. യശസ്വി ജെയ്സ്വാൾ നയിക്കുന്ന ബാറ്റിംഗ് നിര അപാര ഫോമിൽ. പക്ഷെ യശസ്വി തുടക്കത്തിലെ വീണാൽ സമ്മർദത്തിലാകാൻ സാധ്യതയുണ്ട്. കാർത്തിക് ത്യാഗി, രവി ബിഷ്ണോയ് എന്നീ ബൗളർമാരെ ബംഗ്ലാ ബാറ്റ്സ്മാൻമാർ എങ്ങനെ നേരിടുമെന്നത് മത്സരത്തിൽ നിർണായകമാകും.
ഒരു കളി പോലും തോൽക്കാതെയാണ് ബംഗ്ലാദേശും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സെമിയിൽ ന്യുസീലൻഡാണ് ബംഗ്ലാ വീര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞത്. കഴിഞ്ഞ ഒന്നരവർഷത്തിലധികമായി ഒരുമിച്ച് കളിക്കുന്നവരാണ് അവരുടെ കൗമാരതാരങ്ങൾ. കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പകരം വീട്ടുകയും ബംഗ്ലാദേശിന്റെ ലക്ഷ്യമാണ്.
2000ന് ശേഷം അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ഏഴാം ഫൈനലാണിത്. ഇതിന് മുമ്പുള്ള 6 ഫൈനലുകളിൽ നാലിലും ഇന്ത്യ ജയിച്ചു.