ഹാമിൽട്ടൺ: മൂന്നാം ടി20യിൽ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹാമിൽട്ടണിലെ സെഡൻ പാർക്കിലാണ് മത്സരം. ന്യൂസിലാൻഡിൽ ആദ്യ ട്വന്റി20 പരമ്പര ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യം ബാറ്റു ചെയ്യുന്നവരെ പിന്തുണയ്ക്കുന്നതാണ് സെഡൻ പാർക്കിന്റെ ചരിത്രം. ആദ്യ രണ്ടു മത്സരങ്ങളിലും ന്യൂസിലാൻഡ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത് കണക്കിലെടുത്താണ് ഇക്കുറി ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാൻ വില്യംസൺ തീരുമാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര ജയം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ന്യൂസിലാൻഡ് നിരയിൽ ബ്ലെയർ ടിക്‌നറിനു പകരം സ്കോട്ട് കുഗ്ഗെലെയ്ൻ ഇടംനേടി.
അഞ്ചു മത്സര പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ 2–0ന് മുന്നിലാണ്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനുശേഷം നടന്ന അഞ്ചു ട്വന്റി 20 പരമ്പരകളിൽ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓക്‌ലൻഡിലെ ഈഡൻ പാർക്കിനു പുറത്ത് നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കൂടിയാണിത്. ഇവിടെ കളിച്ച ഒൻപതിൽ ഏഴു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കീവീസ് ഇറങ്ങുന്നത്.
കെ എൽ രാഹുലും ശ്രേയസ് അയ്യരും തകർപ്പൻ ഫോം തുടരുന്നതിനാൽ ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ആശങ്കകളില്ല. ബുമ്രയും ഷമിയും മനോഹരമായി പന്തെറിയുന്നുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിൽ തിളങ്ങാതെ പോയ രോഹിത് ശർമ ഇന്ന് ഫോമിലേക്ക് എത്തിയാൽ ഇന്ത്യ മികച്ച സ്കോർ നേടുമെന്നുറപ്പ്. ഓക്‌ലൻഡിൽ നടന്ന ഒന്നാം ട്വന്റി20യിൽ മികച്ച കളി പുറത്തെടുത്തിട്ടും മത്സരം കൈവിട്ടതിന്റെ ഞെട്ടലിൽ നിന്ന് കീവിസ് നിര ഇതുവരെ മുക്തരായിട്ടില്ല. ഇതേ വേദിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ കാര്യമായൊന്നും ചെയ്യാനാകാതെയായിരുന്നു ന്യൂസിലാൻഡിന്റെ കീഴടങ്ങൽ.