gnn24x7

ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

0
224
gnn24x7

സഡന്‍പാര്‍ക്ക്: ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ശ്രേയസ് അയ്യരുടെ കന്നി സെഞ്ച്വറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടി. കോഹ്‌ലിയും (51) രാഹുലും (88) അര്‍ധസെഞ്ച്വറിയുമായി ശ്രേയസിന് മികച്ച പിന്തുണ നല്‍കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയതാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.

പൃഥ്വി ഷായും മയാങ്ക് അഗര്‍വാളും ചേര്‍ന്ന പുത്തന്‍ ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റില്‍ 50 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പൃഥ്വി 20 റണ്‍സും മയാങ്ക് 32 റണ്‍സും നേടി. അടുത്തടുത്ത ഓവറില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഇന്ത്യയെ പിന്നീട് നായകന്‍ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് മുന്നോട്ടുനയിച്ചു.
ശ്രേയസും കോഹ്‌ലിയും 102 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

കോഹ്‌ലിയ്ക്ക് പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുല്‍, ശ്രേയസിന് മികച്ച പിന്തുണ നല്‍കിയതോടെ ന്യൂസിലാന്റ് ബൗളര്‍മാര്‍ വിയര്‍ത്തു. 101 പന്തിലാണ് ശ്രേയസ് മൂന്നക്കം കടന്നത്. 11 ഫോറും ഒരു സിക്‌സും ശ്രേയസിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.

സെഞ്ച്വറിയ്ക്ക് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ശ്രേയസ് പുറത്തായത്. മറുവശത്ത് ടി-20 പരമ്പരയിലെ ഫോം ആവര്‍ത്തിച്ച രാഹുല്‍ ആറ് സിക്‌സുകളാണ് പറത്തിയത്. 64 പന്തില്‍ 88 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. 15 പന്തില്‍ 26 റണ്‍സെടുത്ത കേദാര്‍ ജാദവ് രാഹുലിന് മികച്ച പിന്തുണ നല്‍കി.

ന്യൂസിലാന്റിനായി ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. പര്യടനത്തിലെ ടി-20 പരമ്പര നേരത്തെ ഇന്ത്യ 5-0 ത്തിന് സ്വന്തമാക്കിയിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here