ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, ബദ്ധവൈരികളായ പാകിസ്ഥാനെതിരെ തകർപ്പൻ ബൗളിംഗാണ് പുറത്തെടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. പാക് നിരയിൽ മൂന്നു പേർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ഓപ്പണർ ഹൈദർ അലി (56), ക്യാപ്റ്റൻ റുഹൈൽ നാസിർ (62) എന്നിവർ അർധസെഞ്ചുറി നേടി. 21 റൺസെടുത്ത മുഹമ്മദ് ഹാരിസാണ് രണ്ടക്കം കണ്ട മൂന്നാമൻ. ഇന്ത്യയ്ക്ക് വേണ്ടി സുശാന്ത് മിശ്ര 8.1 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കാർത്തിക് ത്യാഗി, രവി ബിഷ്ണോയി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
അഥർവ അങ്കൊലേക്കർ, യശ്വസി ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റ് പങ്കിട്ടു. മുഹമ്മദ് ഹുറൈര (നാല്), ഫഹദ് മുനീർ (0), ഖാസി അക്രം (ഒൻപത്), ഇർഫാൻ ഖാൻ (മൂന്ന്), അബ്ബാസ് അഫ്രീദി (രണ്ട്), താഹിർ ഹുസൈൻ (രണ്ട്), ആമിർ അലി (ഒന്ന്) എന്നിവരാണ് പാക് നിരയിലെ മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോർ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് മൂന്നാം വിക്കറ്റിൽ ഹൈദർ അലി – റുഹൈൽ നാസിർ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. രണ്ടിന് 34 റൺസ് എന്ന നിലയിലായിരുന്ന പാകിസ്ഥാനെ 96 റൺസിൽ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. വെറും 26 റൺസിനിടെയാണ് പാക്കിസ്ഥാന് അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്. അവസാന നാലു വിക്കറ്റുകൾ നഷ്ടമായത് വെറും ഒൻപതു റൺസിനിടെയും.
തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ക്വാർട്ടറിൽ ഓസ്ട്രേലിയയെയാണ് ഇന്ത്യ തോൽപിച്ചത്. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും. 2010നുശേഷം അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ തോൽപിച്ചിട്ടില്ല.