ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഹൈദരാബാദിന് ജയം. 155 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 38 റൺസെടുത്ത മല്ലികാർജുനാണ് ടോപ് സ്കോറർ. നേരത്തെ രണ്ടാം ഇന്നിംഗ്സിൽ കേരളം 218 റൺസിന് പുറത്തായിരുന്നു.
ഏഴ് വിക്കറ്റിന് 204 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് ഇന്ന് 14 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അക്ഷയ് ചന്ദ്രൻ 30 റൺസെടുത്ത് പുറത്തായി. ഹൈദരാബാദിനായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടി നിർണായക ലീഡ് ആതിഥേയർക്ക് സമ്മാനിച്ച സുമന്ത് കൊല്ലയാണ് മാൻ ഓഫ് ദ് മാച്ച്.
സീസണിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കേരളത്തിന്റെ നോക്കൗട്ട് റൗണ്ട് സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ഹൈദരാബാദിനെതിരായ തോൽവി. നാലു കളിയിൽ നിന്ന് മൂന്നു പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. പഞ്ചാബ്, വിദർഭ തുടങ്ങിയ കരുത്തരെയാണ് കേരളത്തിന് ഇനി നേരിടാനുള്ളത്.