ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ നാലു റണ്‍സിലെത്തിയപ്പോള്‍ രോഹിത് ഏകദിന കരിയരില്‍ 9000 റണ്‍സ് തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.
ഇതോടൊപ്പം വേഗത്തില്‍ 9000 ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 217-ാം ഏകദിന ഇന്നിങ്‌സിലാണ് രോഹിത് 9000 റണ്‍സെടുത്തത്.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ മറികടന്നാണ് രോഹിത് ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായത്.വിരാട് കോലി (194 ഇന്നിങ്‌സ്), എ.ബി. ഡിവില്ലിയേഴ്‌സ് (208 ഇന്നിങ്‌സ്) എന്നിവരാണ് രോഹിത്തിനു മുന്നിലുള്ളത്.ഗാംഗുലി (228 ഇന്നിങ്‌സ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (235), ബ്രയാന്‍ ലാറ (239) എന്നിവരെല്ലാം രോഹിത്തിന് പിന്നിലായി. ഓസീസിനെതിരായ മത്സരത്തില്‍ രോഹിത് 119 റണ്‍സെടുത്തു.
അതിനിടെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ഏകദിനത്തില്‍ 5,000 റണ്‍സും പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പിന്നിടുന്ന ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കി. ക്യാപ്റ്റനായ 82-ാം ഇന്നിങ്‌സിലാണ് കോലി കോലി ഈ നേട്ടം സ്വന്തമാക്കിയത്.എം.എസ് ധോനി (127 ഇന്നിങ്‌സ്), റിക്കി പോണ്ടിങ് (131), ഗ്രെയിം സ്മിത്ത് (135), സൗരവ് ഗാംഗുലി (136) എന്നിവരെല്ലാം കോലിക്ക് പിന്നിലായി.