കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം നടക്കേണ്ടിയിരുന്നു ടി20 ലോകകപ്പ് മാറ്റിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ടി20 മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. ആഗോളതലത്തിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മത്സരങ്ങൾ നീട്ടിവയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
2021 ഒക്ടോബർ-നവംബർ മാസങ്ങളിലായി മത്സരങ്ങൾ നടത്തുമെന്നാണ് ഐസിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.ട്വന്‍റി 20 ലോകകപ്പുകളുടെ വേദികള്‍ സംബന്ധിച്ച തീരുമാനം പിന്നീടെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. ‘സമഗ്രവും സങ്കീർണ്ണവുമായ ആസൂത്രണം തന്നെയാണ് നടത്തിയിരുന്നത്. എന്നാൽ ഈ ഘട്ടത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത് കളിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഓരോ വ്യക്തികളുടെയും സുരക്ഷയ്ക്കാണ്’ എന്നാണ് ഐസിസി ചീഫ് എക്സിക്യൂട്ടിവ് മനു സ്വാഹ്നി അറിയിച്ചത്.
‘സാധ്യമായ എല്ലാ മാർഗങ്ങളെക്കുറിച്ച് പരിഗണിച്ച ശേഷമാണ് ലോകകപ്പ് നീട്ടിവയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.. കായിക പ്രേമികൾക്ക് വിജയകരവും സുരക്ഷിതവുമായ രണ്ട് ലോകകപ്പുകൾ കൂടി നൽകാനുള്ള ഒരു മികച്ച അവസരം കൂടി ഇത് ഞങ്ങൾക്ക് നൽകുന്നുണ്ട്.. വിവിധ തലത്തിലുള്ള ആളുകളുമായി വിശദമായി ചർച്ചകൾക്ക് ശേഷമാണ് കളിക്കും ആരാധകർക്കും നല്ലതെന്നെ തോന്നുന്ന ഈ തീരുമാനത്തിലെത്തിയത്’ മനു സ്വാഹ്നി കൂട്ടിച്ചേർത്തു