2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ മലയാളി താരം ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സിങ് സഖ്യമാണ് സ്വർണം നേടിയത്. ഫൈനലിൽ മലേഷ്യയെ 2-0ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. നേരത്തേ അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമും സ്വർണം നേടിയിരുന്നു. ഫൈനലിൽ ചൈനീസ് തായ്പേയിയെ 230-229 എന്ന സ്കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നിൽ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
ഇതോടെ 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ചേർത്ത് ഇന്ത്യയുടെ മെഡൽ നേട്ടം ആകെ 82 മെഡലായി. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡലുറപ്പിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ് സെമിയിലെത്തി. 1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡലുറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും പ്രണോയ് സ്വന്തമാക്കി. മലേഷ്യയുടെ ലീ സി ജിയയെ 21-16, 21-23, 22-10 എന്ന സ്കോറിന് മറികടന്നായിരുന്നു താരത്തിന്റെ സെമി പ്രവേശനം.
ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ പി.വി സിന്ധു ചൈനയുടെ ബിൻജിയാവോയോട് തോറ്റ് പുറത്തായി. മാരത്തൺ ഫൈനലിൽ ഇന്ത്യൻ താരം മാൻ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.11-ാം ദിനത്തിൽ മെഡൽനേട്ടത്തിൽ ടീം ഇന്ത്യ ചരിത്രം കുറിച്ചു. ബുധനാഴ്ച നീരജ് ചോപ്രയും പുരുഷ റിലേ ടീമും അമ്പെയ്ത്തുകാരും സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡൽനേട്ടത്തിലെത്തി രാജ്യം. ജക്കാർത്തയിൽ 16 സ്വർണം ഉൾപ്പെടെ 70 മെഡൽ നേടിയതായിരുന്നു ഇതുവരെ മികച്ച പ്രകടനം.
അത്ലറ്റിക്സിൽ ബുധനാഴ്ച രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി. രാവിലെ ജ്യോതി സുരേഖയും ഓജസ് പ്രവീണും ചേർന്ന സഖ്യം അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഇന്ത്യ ജക്കാർത്തയിലെ നേട്ടം മറികടന്നത്. പിന്നീട് ബോക്സിങ്ങിൽ ഒരു വെള്ളിയും വെങ്കലവും ലഭിച്ചു. സ്ക്വാഷിലും ഒരു വെങ്കലം ലഭിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S