gnn24x7

2034 ഫിഫ ലോകകപ്പ്; സൗദി അറേബ്യ വേദിയാകും

0
349
gnn24x7

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോക കപ്പ് നടക്കുക. അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ നൂറാം വാര്‍ഷികത്തിന്റെ നടക്കുമെന്നും ഫിഫ അറിയിച്ചു. ബുധനാഴ്ച നടന്ന പ്രത്യേക ഫിഫ യോഗത്തിലാണ് രണ്ട് ലോകകപ്പുകള്‍ക്കും ആതിഥേയരെ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത്. ഫിഫയിലെ 211 അംഗരാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

രണ്ട് ടൂര്‍ണമെന്റുകള്‍ നടക്കേണ്ട രാജ്യങ്ങളെയും 2030-ലെ ശതാബ്ദി ആഘോഷങ്ങള്‍ നടത്തേണ്ട രാജ്യങ്ങളെയും രണ്ട് വ്യത്യസ്ത വോട്ടെടുപ്പ് വഴി കണ്ടെത്തി. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ വേദികള്‍ ശതാബ്ദി ആതിഥേയരായി ആദ്യം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ 2030-ലെ ടൂര്‍ണമെന്റ് നടക്കേണ്ട രാജ്യങ്ങളെയും തുടര്‍ന്ന് 2034 ടൂര്‍ണമെന്റിന് വേദിയൊരുക്കേണ്ട രാജ്യത്തെയും തെരഞ്ഞെടുത്തു. എല്ലാ 211 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തിന് മുമ്പ് നടന്ന വോട്ടിങില്‍ പങ്കാളികളായതായി ഫിഫ സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്സ്‌ട്രോം പറഞ്ഞു.

ഫുട്‌ബോള്‍ ആരാധകര്‍ സൗദിയില്‍ സുരക്ഷിതരായിരിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് അടക്കമുള്ള ലോക രാജ്യങ്ങള്‍ സൗദിയെ പിന്തുണക്കാനെത്തി. 2030, 34 ലോക കപ്പുകള്‍ക്കായി തെരഞ്ഞെടുത്ത രാജ്യങ്ങളൊക്കെ തന്നെയും ഫിഫയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി ഫിഫ അറിയിച്ചു. അതേ സമയം നോര്‍വെ വോട്ടിങില്‍ നിന്ന് വിട്ടുനിന്നത് സൗദിയോടുള്ള എതിര്‍പ്പല്ലെന്നും നിലവിലെ ഫിഫ ലോകകപ്പ് വോട്ടിങ് രീതിയിലെ സാങ്കേതികത്വം മൂലമാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 2034 ലോകകപ്പ് മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള 15 സ്റ്റേഡിയങ്ങളില്‍ നാലെണ്ണം ഇതിനകം തന്നെ സൗദി അറേബ്യ പൂര്‍ത്തികരിച്ചിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7