gnn24x7

ടെന്നീസ് താരം മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു.

0
241
gnn24x7

ലോക ടെന്നിസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. 32 ആം വയസ്സിലാണ് റഷ്യന്‍ ഇതിഹാസം ഷറപ്പോവയുടെ വിരമിക്കല്‍ പ്രഖ്യാപനം. 

2004 -ലെ വിംബിള്‍ഡണ്‍ കിരീടമടക്കം അഞ്ചു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ഷറപ്പോവയുടെ ഐതിഹാസിക കരിയറിലുണ്ട്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. 

അഞ്ച് തവണ ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ മരിയ തോളിന് വന്ന ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഒന്നാം നമ്പർ റാങ്കിംഗിൽ നിന്ന് 373 ആം നമ്പറിലേക്ക് താഴ്ന്നിരുന്നു.

ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച ഷറപ്പോവ രണ്ടിലും പരാജയപ്പെട്ടിരുന്നു. വാനിറ്റി ഫെയറിലും വോഗിലും എഴുതിയ ലേഖനത്തിലൂടെയാണ് ഷറപ്പോവ മത്സര ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

‘ടെന്നീസ്…ഞാന്‍ നിന്നോട് വിട പറയുന്നു’ എന്ന തലക്കെട്ടോടെയാണ് ഷറപ്പോവയുടെ ആര്‍ട്ടിക്കിള്‍. എന്റെ ജീവിതം ടെന്നിസിനായി സമർപ്പിച്ചപ്പോൾ, ടെന്നിസ് എനിക്കൊരു ജീവിതം തന്നു’ – ഷറപ്പോവ കുറിച്ചു.

‘നിങ്ങൾക്ക് പരിചിതമായ ഒരു ജീവിതത്തിൽ നിന്ന് എങ്ങനെ മാറും ? ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ പരിശീലനത്തിനായി ഇറങ്ങിയ കോർട്ടിൽ നിന്ന് എങ്ങനെ നടന്നകലും ? നിങ്ങൾക്ക് ഇഷ്ടമുള്ള, കണ്ണീരും സന്തോഷവും സമ്മാനിച്ച -കുടുംബത്തെ കണ്ടെത്താൻ സഹായിച്ച, 28 വർഷത്തോളം എന്നെ പിന്തുടർന്ന ആരാധകരെ സമ്മാനിച്ച ഒരു കായികം’-വാനിറ്റിഫെയറിന് നൽകിയ അഭിമുഖത്തിൽ മരിയ ഷറപ്പോവ പറഞ്ഞു.

36 ഡബ്ല്യുടിഎ കിരീടങ്ങള്‍ നേടിയ ഷറപ്പോവ 1994 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരിയാണ്. 2005 ഓഗസ്റ്റ് 22-നാണ് ഷറപ്പോവ ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായത്. തുടര്‍ന്ന് കരിയറില്‍ അഞ്ചു തവണ ലോക ഒന്നാം നമ്പര്‍ പദവി ഷറപ്പോവ കൈയെത്തിപ്പിടിച്ചു.

നിലവില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ ഏക റഷ്യന്‍ വനിതയാണ് ഇവര്‍. ലോക ടെന്നീസില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടിയ പത്തു വനിതകളില്‍ ഒരാളെന്ന ബഹുമതിയും ഷറപ്പോവയ്ക്കുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here