ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇന്‍ഫോസിസ് നേടിയത് 4466 കോടി രൂപ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവവിനേക്കാള്‍ വര്‍ധന 23.7% . വരുമാനം 7.9% വര്‍ധിച്ച് 23,092 കോടിയിലെത്തി. മൊത്തം ജീവനക്കാരുടെ എണ്ണം 6968 ഉയര്‍ന്ന് 2,43,454 ആയി.
കമ്പനിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.ശാര്‍ദ്ദൂല്‍ അമര്‍ചന്ദ് മംഗല്‍ദാസ് കമ്പനിയുടെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെയും സഹകരണത്തോടെയായിരുന്നു അന്വേഷണം. അക്കൗണ്ടിങ് ക്രമക്കേടുകള്‍ വഴി ലാഭം പെരുപ്പിച്ചു കാട്ടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ബോര്‍ഡ് സ്വതന്ത്ര അന്വേഷണത്തിന് ഓഡിറ്റ് കമ്മിറ്റിയെ നിയമിച്ചത്.ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിനെയും സിഎഫ്ഒ നീലാഞ്ജന്‍ റോയിയെയും റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തരാക്കി.
സലില്‍ പരേഖ്, നീലാഞ്ജന്‍ റോയ് എന്നിവര്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ‘എത്തിക്കല്‍ എംപ്ലോയീസ്’ സെപ്റ്റംബര്‍ 20 ന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. 210,000 രേഖകള്‍ പരിശോധിച്ച് കമ്പനി നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ഡി. സുന്ദരവും ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയും പറഞ്ഞു.അതേസമയം സെബി, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്്‌ചേഞ്ച് കമ്മിഷന്‍ എന്നിവ ഇതു സംബന്ധിച്ച് തുടരുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു.