സ്മാര്‍ട്ട്‌ഫോണ്‍ ശരീരത്തിന്റെ ഒരു അവയവം പോലെ ആയിക്കഴിഞ്ഞ സ്ഥിതിക്ക് ടെലിവിഷനും ഫോണിന്റെ രൂപം വന്നാലോ? സാംസംഗ് അത്തരമൊരു പരീക്ഷണമാണ് നടത്തിയിരിക്കുന്നത്. കണ്ടാല്‍ വളരെ വലിയൊരു സ്മാര്‍ട്ട്‌ഫോണായി തോന്നും. പക്ഷെ യഥാര്‍ത്ഥത്തില്‍ ഒരു റൊട്ടേറ്റിംഗ് ടെലിവിഷനാണ്. ഫോണ്‍ പോലെ ആവശ്യാനുസരണം ലംബമായും തിരശ്ചീനമായും ദൃശ്യങ്ങള്‍ കാണാനാകുന്ന ഈ ടെലിവിഷന്റെ പേര് സീറോ എന്നാണ്. ഈ ടെലിവിഷന്‍ സാംസംഗ് ഗ്യാലക്‌സി ഫോണുമായി സിങ്ക് ചെയ്താല്‍ ഓട്ടോമാറ്റിക്കായി ഫോണിന് അനുസരിച്ച് ടിവി റൊട്ടേറ്റ് ചെയ്യും. 43 ഇഞ്ച് വലുപ്പമാണ് ഇതിനുള്ളത്.
ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയ്ക്ക് മുമ്പായി സാംസംഗ് ഇതെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ടെലിവിഷനുകള്‍ക്ക് രൂപം മാറുന്ന ട്രെന്‍ഡിന് മുന്നോടിയാണ് ഇത്. മില്ലനിയലുകളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്ത് മാറുകയാണ് കമ്പനികള്‍. യൂട്യൂബ് വീഡിയോകളും മറ്റും തെരഞ്ഞെടുക്കാനുള്ള എളുപ്പം കൊണ്ട് വെര്‍ട്ടിക്കല്‍ സ്‌ക്രീനുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയങ്കരമായി മാറുന്നത് കണക്കിലെടുത്താണ് സാംസംഗ് പുതിയ ടിവി അവതരിപ്പിക്കുന്നത്.
പുതിയ ടെലിവിഷന് എത്ര വില വരുമെന്ന് സാംസംഗ് പുറത്തുവിട്ടിട്ടില്ല. കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയ്ക്ക് മുമ്പായി നിരവധി ടെലിവിഷന്‍ സംബന്ധമായ പ്രഖ്യാപനങ്ങള്‍ സാംസംഗ് നടത്തിയിരുന്നു. അതില്‍ ശ്രദ്ധേയമായത് ഫ്രെയിം ഇല്ലാത്ത 8കെ ടിവി ആയിരുന്നു.