സംസ്ഥാനത്ത് 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിൽ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിൽ പൊന്മുടി, കല്ലാർക്കുട്ടി, ലോവർപെരിയാർ, മലങ്കര ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
മിന്നൽപ്രളയമടക്കമുള്ള ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് ഡാമുകൾ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്ത് ഭൂതത്താൻകെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങൽക്കുത്ത്, തൃശൂരിൽ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം ഡാമുകളുടെ ഷട്ടറുകളുമാണ് ഉയർത്തിയത്.
വയനാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റ്യാടി ഡാമിന്റെയും കണ്ണൂരിൽ പഴശ്ശി ഡാമിന്റെയും ഷട്ടറുകൾ ഉയർത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയെങ്കിലും നിലവിൽ നാല് ഷട്ടറുകളും താഴ്ത്തി. ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്നപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.