gnn24x7

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി

0
132
gnn24x7

ഡൽഹി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.വിചാരണ നടത്തുന്ന ജഡ്ജിയോട്  വായ അടച്ച് ഇരിക്കാൻ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭർത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകുമെന്ന് കോടതി ചോദിച്ചു.

ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ?. ഇതിന് തെളിവുകളില്ല.ഹൈക്കോടതി തീരുമാനം എടുത്തതിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. ജുഡീഷ്യൽ ഉദ്യാഗസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം ഹർജികൾ ഇടയാക്കില്ലേ എന്ന്  ചോദിച്ചാണ് കോടതി അതിജീവിതയുടെ ഹര്‍ജി തള്ളിയത്.

കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയാണ്  സുപ്രീംകോടതി പരിഗണിച്ചത്. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.

നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.  നടി കേസിലെ വിചാരണ പ്രത്യേക കോടതിയിൽ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ്  കോടതി നടപടികളുടെ തുടർച്ചയാണെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിൻസിപൽ സെഷൻസ് കോടതിയിൽ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here