gnn24x7

ചെന്നൈ പ്രളയം: മരണം എട്ടായി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധി

0
470
gnn24x7

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ ചെന്നൈയിൽ വിമാനത്താവളം തുറന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. വൈകാതെ തന്നെ ഇവിടെ നിന്ന് വിമാനസർവീസുകൾ ആരംഭിക്കും. വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ മഴ കുറഞ്ഞിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങുകയും റൺവേയിലും ടാക്സിവേയിലും വെള്ളക്കെട്ട് ഒഴിയുകയും ചെയ്തതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് യാത്രയൊരുക്കാനാണ് പ്രഥമപരിഗണനയെന്നും അധികൃതർ വ്യക്തമാക്കി. 21 വിമാനങ്ങളും 1,5000 യാത്രക്കാരും നിലവിൽ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതും ഇവിടേക്ക് എത്തുന്നതുമായ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടപ്പോൾ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 550 സർവീസുകൾ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇത് രാജ്യത്താകമാനം 1,000 സർവീസുകളെ ബാധിച്ചുവെന്നും അവർ വ്യക്തമാക്കി.

പ്രളയത്തെത്തുടർന്ന് ചെന്നൈയിൽ മരണം എട്ടായി.വെള്ളക്കെട്ടിനെത്തുടർന്ന് 17 സബ്കൾ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളിൽ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7