gnn24x7

കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാൻ ശ്രമം; കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം

0
109
gnn24x7

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാൻ കെ സുധാകരൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. ആർഎസ്എസ് അനുകൂല നിലപാടുകളെ കെ സുധാകരൻ ന്യായീകരിക്കുകയാണ്. ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനമാണ് കെ സുധാകരന്റേത് എന്നും സിപിഐഎം വിമർശിക്കുന്നു.

കേരളത്തിലെ കോൺഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തിൽ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ. ആർഎസ്എസുമായി താൻ ചർച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആർഎസ്എസിന്റെ ശാഖകൾക്ക് സംരക്ഷണം നൽകി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

ഇത്തരം ആർഎസ്എസ് അനുകൂല നിലപാടുകൾ തിരുത്തുന്നതിന് പകരം ജവഹർലാൽ നെഹ്റുവിനെ പോലും വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് കെ സുധാകരൻ വീണ്ടും പരിശ്രമിക്കുന്നത്.

സ്വയം ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാൾ കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർത്ഥത്തിൽ സുധാകരൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത് എന്ന് ഇപ്പോൾ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഈ അപകടം തിരിച്ചറിയാൻ കോൺഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വർഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണം.

കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആർഎസ്എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം എന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here