gnn24x7

തൃശ്ശൂർ കാട്ടുതീ; പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന ഒരാൾകൂടെ മരിച്ചു

0
206
gnn24x7

തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശങ്കരനാണ് മരിച്ചത്.

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ടു വനപാലകര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍.

ഫയര്‍ഫോഴ്‌സ് സംഘത്തിനൊപ്പം തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടു വനപാലകരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

ഞായറാഴ്ച ഉച്ചയോടെയാണ് കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീപടര്‍ന്നു പിടിച്ചത്. ഏകദേശം നാലു മണിയോടുകൂടി തീ ഒരു പരിധി വരെ അണയ്ക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ശക്തമായ കാറ്റ് വീശിയതോടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഈ സമയം 14 ഓളം ഉദ്യോഗസ്ഥര്‍ കാടിനകത്തുണ്ടായിരുന്നുന്നെന്നാണ് റിപ്പോര്‍ട്ട്.

തീ പടര്‍ന്നു പിടിച്ചതോടെ ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഓടിയെത്താന്‍ സാധിക്കാതിരുന്ന മൂന്നുപേരാണ് മരിച്ചത്. മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

അപകടത്തില്‍പ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്.

വനം വകുപ്പ് തുടര്‍നടപടികളിലേക്ക് കടക്കും. തീ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് പടരുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.

അതേസമയം മരണം സംഭവിക്കാന്‍ കാരണം പള്‍പ്പ് കമ്പനിയില്‍ തീയണക്കാനുള്ള സാമഗ്രികള്‍ ഇല്ലാത്തതിനാലെന്ന് വനംവകുപ്പ് അറിയിച്ചു.

വനംവകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് എച്ച്.എന്‍.എല്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയിലെ വാച്ചര്‍മാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്നിരുന്നു. ആദ്യ കാലങ്ങളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി കുറച്ചുകാലമായി നഷ്ടത്തിലായിരുന്നു. അഗ്‌നിശമന സാമഗ്രികളൊന്നും കമ്പനിയില്‍ ഉണ്ടായിരുന്നില്ല.

കൊറ്റമ്പത്തൂരില്‍ ഇടക്കിടക്ക് കാട്ടുതീ ഉണ്ടാവുമായിരുന്നെന്നും വനപാലകര്‍ പറയുന്നു. കുന്നിന്‍ പ്രദേശമായതിനാല്‍ തീയണക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും വനപാലകര്‍ കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here