gnn24x7

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്?

0
207
gnn24x7

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി പാർലമെന്‍ററി രംഗത്തേക്ക് കടന്നു വരണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളായുള്ള ആവശ്യ൦ പാര്‍ട്ടി നേതൃത്വത്തിന്‍റെ പരിഗണനയില്‍.

പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചർച്ചകൾ കോൺഗ്രസ് നേതൃത്വം സജീവമാക്കിയതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സംഘടന ശൈലിയില്‍ മാറ്റം വരുത്താനുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന.

മുതിര്‍ന്ന നേതാക്കളായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിംഗ് തുടങ്ങിയവരുടെ കാലാവധി അവസാനിക്കുമ്പോള്‍ യുവനേതാക്കളെ രാജ്യസഭയിലേക്ക് അയക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡില്‍ ഏപ്രിലില്‍ രണ്ട് സീറ്റുകള്‍ ഒഴിയും. മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലും ഒഴിവ് വരും.

നിലവില്‍ സംസ്ഥാനഭരണം കയ്യിലുള്ള ഛത്തീസ്ഗഡ്, രാജസ്ഥാന്,. ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ നേതാക്കളെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി സജെവ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സജീവ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കൂടാതെ, നരേന്ദ്രമോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്‍റെ ഉറച്ച ശബ്ദമാകാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിക്കുമെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.

ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും നിരീക്ഷിക്കുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പിന്നാലെ ശക്തമായ ഇടപെടലുകളാണ് പ്രിയങ്ക നടത്തുന്നത്. ദൗത്യമേറ്റെടുത്ത ഉടനെ തന്നെ അവര്‍ പാര്‍ട്ടിയില്‍ അടിമുടി പൊളിച്ചെഴുത്തുകള്‍ നടത്തി. വരാനിരിക്കുന്ന നിയസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സമഗ്ര പരിപാടികളാണ് യുപിയില്‍ പ്രിയങ്ക നടപ്പാക്കുന്നത്.

ചുമതല ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ യോഗി സര്‍ക്കാരിനെ നേര്‍ക്ക് നേര്‍ പ്രതിരോധിക്കാന്‍ പാകത്തിലുള്ള നേതാവായി ഇതിനോടകം പ്രിയങ്ക ഗാന്ധി മാറി കഴിഞ്ഞു. വളരെ വൈകിയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നതെങ്കിലും ഈ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ പിടിച്ച് പറ്റുന്ന തരത്തിലാണ് പ്രിയങ്കയുടെ ഇടപെടലുകള്‍.  

CAAയ്ക്കെതിരെ രാജവ്യാപക പ്രതിഷേധം നടക്കുമ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ നിന്ന് നയിച്ചത് പ്രിയങ്കയാണ്. ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധം നയിച്ചതും പ്രിയങ്കയായിരുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലും പ്രിയങ്കയെത്തി. പോലീസ് വിലക്കുകളെ പോലും ലംഘിച്ചുകൊണ്ടായിരുന്നു ഇരകളുടെ വീടുകളിലേക്ക് അവര്‍ എത്തിയത്.

ശബ്ദം നഷ്ടമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്‍റെ ഉറച്ച ശബ്ദമായി മാറികൊണ്ടിരിക്കുന്ന പ്രിയങ്ക ഉടന്‍ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവമാകണമെന്ന് നേതാക്കളും പ്രവര്‍ത്തകരും ഒരേപോലെ ആഗ്രഹിക്കുന്നത്.
അതേസമയം പ്രിയങ്കയോ നേതൃത്വമോ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സമാനതകള്‍ ഇല്ലാത്ത തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിയെ പുനരൂജ്ജീവിപ്പിക്കാന്‍ ഇനി എന്ത് നടപടി നേതൃത്വം സ്വീകരിക്കുമെന്നാണ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. അത് പ്രിയങ്കയിലൂടെയാകുമോ? കാത്തിരിക്കേണ്ടിയിരിക്കുന്നു….

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here