ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഖമായി കടത്താം; സ്വര്‍ണക്കടത്ത് പ്രതികള്‍ ടെലഗ്രാമില്‍ നടത്തിയ ചാറ്റ് പുറത്ത്

0
67

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ്‌ ഗ്രൂപ്പിൽ നടന്നിരുന്നത്.

റിപ്പോര്‍ട്ടിലുള്ള ആദ്യ ചാറ്റ് തുടങ്ങുന്നത് 2019 ഡിസംബര്‍ ഒന്നിനാണ്. ആദ്യ ചരക്കില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്നും. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജില്‍ നയതന്ത്ര കാര്‍ഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കര്‍ശനമായി പറയുന്നു. ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഖമായി കടത്താമെന്നാണ് റമീസ് പറയുന്നതും ചാറ്റിൽ ഉണ്ട്. ബാഗേജ് സ്വീകരിക്കുന്ന കോണ്‍സല്‍ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നല്‍കണമെന്നും നിര്‍ദേശിക്കുന്നു. 2019 ഡിസംബര്‍ 19-ന് നടത്തിയ ചാറ്റില്‍ സ്വര്‍ണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23-ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ചാറ്റ് അവസാനിപ്പിക്കുന്നത്. ഇതിനിടെ തന്റെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കോണ്‍സല്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നും ‘എക്സ് കാറ്റഗറി’ സുരക്ഷ സമ്പാദിച്ചിരുന്നുവെന്ന് കസ്റ്റംസ് നോട്ടീസില്‍ പറയുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ മറികടക്കുന്നതാണ് ഇത്. സ്വപ്ന, ശിവശങ്കര്‍ എന്നിവരാണ് ഇത് നേടിക്കൊടുത്തത്. എല്ലാതരം നിയമവിരുദ്ധ ചെയ്തികള്‍ക്കും ഈ ‘സുരക്ഷ’ കോണ്‍സല്‍ ജനറല്‍ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ‘ഡിപ്ലോമാറ്റിക് തിരിച്ചറിയല്‍ കാര്‍ഡ്’ നല്‍കിയിരുന്നു. വിമാനത്താവളങ്ങളിലുള്‍പ്പെടെ ഇവ ദുരുപയോഗപ്പെടുത്തിയതായും അന്വേഷണസംഘം കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here