gnn24x7

വന്ദേഭാരത് കേരളത്തിലെത്തി; തിരുവനന്തപുരം-കണ്ണൂർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഏപ്രിൽ 24ന്

0
310
gnn24x7

കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിൻ എത്തി. കേരളത്തിൽ സർവീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയിൽ നിന്ന് കേരളത്തിലെത്തി.16 കോച്ചുകളുള്ള ട്രെയിനാണ് എത്തിയത്. തുടക്കത്തിൽ ഒരു ട്രെയിനാകും സർവീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സർവീസ് പരിഗണിക്കുന്നത്. ഏപ്രിൽ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും. 24ന് കൊച്ചിയിലോ 25 ന് തിരുവനന്തപുരത്തോ ആണ് ഫ്ളാഗ് ഓഫ് പരിഗണിക്കുന്നത്. രാവിലെ 11.40 ഓടെ പാലക്കാട് എത്തിയ ട്രെയിന് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.

രണ്ട് മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടിഅന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതിൽ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ഒരു ദിവസംനേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിൻ ഫ്ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്പത് സ്റ്റോപ്പുകളുള്ള സർവീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സർവീസിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ ഇവയിൽ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരം ഡിവിഷനാണ് സർവീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സർവീസായിരിക്കുമിത്. രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ വർഷം ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്പ്രസുകൾ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ഈ വേഗം സാധ്യമല്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏറെക്കാലമായി നടത്തിവരുന്നുണ്ട്. തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയിൽ 100 കിലോമീറ്റർ വേഗതയിലാണ് നിലവിൽ സഞ്ചരിക്കാനുള്ള സാഹചര്യമുള്ളത്. കോട്ടയം വഴി പോകുന്ന വന്ദേഭാരതിന് കായംകുളം മുതൽ എറണാകുളം വരെ 90 കിലോമീറ്റർ വേഗതയിലെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.

എറണാകുളം ഷൊർണൂർ റൂട്ടിൽ 80 കിലോമീറ്റർ വേഗതയിലും ഷൊർണൂർ പിന്നിട്ടാൽ 100 മുതൽ 110 കിലോമീറ്റർ വേഗവും കൈവരിക്കും. 52 സെക്കൻഡിൽ മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ ട്രെയിന് സാധിക്കും. തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ 500 കിലോമീറ്ററാണ് ദൂരം. മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസുകൾ യാത്രപൂർത്തിയാക്കാനെടുക്കുന്ന സമയവും കേരളത്തിൽ പ്രതീക്ഷിക്കപ്പെടുന്ന വേഗവും കണക്കാക്കമ്പോൾ, ഈ ദൂരം പിന്നിടാൻ ആറര മണിക്കൂറോളം എടുത്തേക്കാം.

പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കാൻ മറ്റ് ട്രെയിനുകളുടെ സർവീസ് അതിനനുസരിച്ച് ക്രമീകരിക്കും. ചെയർ കാർ, എക്കണോമി എന്നിങ്ങനെ രണ്ട് ക്ലാസുകളാകും ഉണ്ടാകുക. ചെയർ കാറിന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് 1400 രൂപയ്ക്ക് അടുത്തായിരിക്കും സൂചന. ഇക്കണോമിയിൽ ഇത് 2500 രൂപയോളമാകാം. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിന് മുമ്പായി പുറപ്പെടുന്ന രീതിയുള്ള സമയക്രമമാണ് പരിഗണിക്കുന്നത്.ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരതാണ് കേരളത്തിന് അനുവദിക്കപ്പെടുന്നത്.

എക്സിക്യുട്ടീവ്കോച്ചിൽ 180 ഡിഗ്രിവരെ തിരിയാൻപാകത്തിലുള്ള സീറ്റുകളാണ് നേരത്തേ അനുവദിച്ച ട്രെയിനുകളിൽ ഉള്ളത്.തീവണ്ടി പാളം തെറ്റാതിരിക്കുന്നതിനുള്ള ആന്റി സ്കിഡ് സംവിധാനം ഉൾപ്പെടെയുണ്ട്. എല്ലാ കോച്ചുകളുംസി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിർമിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകൾ, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും. ലോക്കോ പൈലറ്റുകൾ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികൾക്ക് നൽകുന്നത്.

കൂടുതൽ വിശാലമായിരിക്കും വിൻഡോകൾ. എക്സിക്യുട്ടീവ് ക്ലാസിൽ സെമി സ്ലീപ്പർ സീറ്റുകളുണ്ടാവും. എൽ.ഇ.ഡി. ലൈറ്റിങ്, വിമാനമാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയുണ്ടാവും.പരീക്ഷണ ഓട്ടത്തിന് ശേഷമേ എത്ര സമയം വേണ്ടി വരും കൃത്യമായി ഓടിയെത്താൻ എന്നും അതിനനുസരിച്ച് സ്റ്റോപ്പുകളും അന്തിമമായി നിശ്ചയിക്കുകയുള്ളൂവെന്ന് ബിജെപി നേതാവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനുമായ പി.കെ കൃഷ്ണദാസ് അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here