ലഖ്നൗ: രാജസ്ഥാനിലെ കോട്ടയില്‍ നടക്കുന്ന ശിശുമരണത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ശിശുമരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രതിനിധി സംഘം ജെ.ജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ശിശുമരണം സംസ്ഥാന സര്‍ക്കാരിന്‍റെ സംഭവിച്ച വീഴ്ചയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കോട്ടയിലെ ജെ.ജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ മാസം (ഡിസംബര്‍-24 വരെ) 77 കുട്ടികളാണ് ഇവിടെ മരിച്ചത്. ഒരു വര്‍ഷത്തെ കണക്കുപരിശോധിച്ചാല്‍ മരണസംഖ്യ 940ല്‍ എത്തും. ഇക്കഴിഞ്ഞ 23, 24 തിയതികളിലായി മരിച്ച പത്തു കുട്ടികളില്‍ അഞ്ചു പേരും ജനിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മരണപ്പെടുകയായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 104 കുട്ടികളാണ് ഇതുവരെ മരണപ്പെട്ടത്. രാജസ്ഥാനിലെ ചമ്പല്‍ നദിക്കരയിലാണ് കോട്ട എന്നുപേരുള്ള ഈ സ്ഥലം സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമാണ്.
എന്നാല്‍, കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ നഗരം ദേശീയ ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്നത് അവിടെ നടക്കുന്ന ശിശുമരണം മൂലമാണ്. രാജ്യത്തെ ശിശുമരണ നിരക്ക് പരിശോധിച്ചാല്‍ രാജസ്ഥാന്‍ അല്പം മുന്നില്‍ തന്നെയാണ് ഇടം പിടിച്ചിരിയ്ക്കുന്നത്. ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 38 പേര്‍ എന്ന നിലയിലാണ് രാജസ്ഥാനിലെ ശിശുമരണ നിരക്ക്. 800 മുതല്‍ 900 വരെ നവജാത ശിശുക്കളും 200നും 250നും ഇടയില്‍ കുട്ടികളുമാണ് ഒരോ വര്‍ഷവും മരിക്കുന്നതെന്ന് ലോക്‌സഭ സ്പീക്കറും കോട്ട എം.പിയുമായ ഓം ബിര്‍ല പറയുന്നു.
2016ല്‍ ദേശീയ ശരാശരിയെക്കാളും അധികമായിരുന്നു രാജസ്ഥാനിലെ ശിശുമരണ നിരക്ക്. 2016-17 കാലഘട്ടത്തില്‍ 2063 കുട്ടികളാണ് ജനിച്ച് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ രാജസ്ഥാന്‍ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.അതേസമയം, ശിശുമരണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കും. അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യരംഗത്തെ വിദഗ്ധരേയും ഡോക്ടര്‍മാരേയും അടക്കം ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. മാത്രമല്ല ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള നടപടികള്‍ക്ക് രൂപം നല്‍കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോ. അമര്‍ജീത് മെഹ്ത, ഡോ. രാംബാബു ശര്‍മ്മ, ഡോ. സുനില്‍ ഭട്‌നാഗര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.അതേസമയം, ആശുപത്രിയുടെ ശോചനാവസ്ഥയാണ് ഇത്രയും കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പന്നികള്‍ അടക്കം ആശുപത്രിയില്‍ വിഹരിക്കുന്നുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.
ആശുപത്രിയുടെ ഗേറ്റുകളും ജനാലകളും അടക്കം തകര്‍ന്ന നിലയിലാണ്. എന്തായാലും കുഞ്ഞുങ്ങളുടെ മരണസംഖ്യ ഉയരുന്നത് രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.