തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് ചൈനയില്‍ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 3144 പേര്‍ നിരീക്ഷണത്തില്‍!
വിവിധ ജില്ലകളിലായി 3099 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലു൦ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംശയാസ്പദമായവരുടെ 330 സാംപിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 288 എണ്ണത്തിന്‍റെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ രണ്ട് പേര്‍ തമിഴ്‌നാടില്‍ നിന്നുള്ളവരാണ്. കേരളത്തിലുള്ള 70 പേരില്‍ 66 പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണ്, ഒരു റിസള്‍ട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 811 ആയി. 81 പേരാണ് വൈറസ് ബാധ മൂലം ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ 2,841 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. ഹുബൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. 34,546 പേർക്ക് ചൈനയിൽ ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്.
ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധിച്ച ഒരു യുഎസ് സ്ത്രീയും ഒരു ജപ്പാൻ പൗരനും ശനിയാഴ്ച ചൈനയിൽ മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിക്കുന്ന ആദ്യ വിദേശപൗരന്മാരാണ് ഇവര്‍.
19 വിദേശപൗരന്മാർ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിൽ രണ്ട് പാക് പൗരന്മാരും ഉൾപ്പെടുന്നു.