മുംബൈ: സി.എ.എ പ്രതിഷേധക്കാർക്ക് മുംബൈ പോലീസിന്റെ നോട്ടീസ്. സി.ആർ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൊർലാൻഡ് റോഡിലെ പ്രതിഷേധക്കാർക്ക് എതിരെയാണ് നടപടി. ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പേറഷൻ അധികൃതരുടെ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കാരണം കാണിക്കൽ നോട്ടീസാണ് പ്രതിഷേധക്കാർക്ക് നൽകിയതെന്നും അതിന് മറുപടി നൽകിയില്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് കുമാർ പറഞ്ഞു. ആസാദ് മൈതാനത്തിലേക്ക് പ്രതിഷേധം മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, പൊലീസ് പ്രതിഷേധക്കാരായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് നോട്ടീസ് ഒപ്പിട്ട് വാങ്ങിച്ചുവെന്നും ആരോപണമുണ്ട്. പൊലീസ് കേസുമായി മുന്നോട്ട് പോവുകയാണെങ്കിൽ അത് നേരിടുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.