ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, മധ്യവർഗത്തിന് മറ്റൊരു ആശ്വാസ വാർത്ത. അഞ്ച് വര്‍ഷത്തിനു ശേഷം റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.50ൽ നിന്ന് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല്‍ തീരുമാനം. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.റിപ്പോ നിരക്കുകള്‍ കുറയുന്നതോടെ ഇഎംഐ ഭാരം കുറയും. പുതിയ വായ്പക്കാർക്ക് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ പലിശനിരക്ക് കുറയും.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb