ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നൽകിയ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എൻ.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
കേസിലെ നാല് പ്രതികൾക്കും ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. തിരുത്തൽ ഹര്‍ജിയും തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് അവസാനത്തെ വഴി. 2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരുന്ന ബസിൽ 23 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാൽസംഗത്തിന് ഇരയാക്കുകയും പിന്നീട് പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികൾക്കും വധശിക്ഷ നൽകിയത്.