ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി.
ഇന്ന് രാവിലെ 9:40 ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. മലയാളികളടക്കം 323 ഇന്ത്യാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒപ്പം ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്.
ഇവരെ പരിശോധനയ്ക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ സ്വന്തം വീടുകളിലേക്ക് വിടുകയുള്ളു.
ഇന്നലെ ഉച്ചയ്ക്ക് 1:37 നാണ് ഇവരെ കൊണ്ടുവരാനായി എയര്‍ ഇന്ത്യയുടെ വിമാനം’ ഡല്‍ഹിയില്‍ നിന്നും വുഹാനിലേയ്ക്ക് പുറപ്പെട്ടത്.
അതേസമയം 42 മലയാളികളടക്കം 324 പേരെ ഇന്നലെ വുഹാനില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്തിച്ചിരുന്നു. ഇവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലാണ്.
ഇതിനിടയില്‍ കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്തിടെ ചൈനാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.