gnn24x7

വ്യാജവിസ നൽകി സ്പെയിനിലേക്ക് മനുഷ്യക്കടത്ത്, വൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

0
203
gnn24x7

കൊച്ചി: വ്യാജവിസ നൽകി സ്പെയിനിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന രണ്ടുപേരെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ജോബിൻ മൈക്കിൾ(35) പാലക്കാട് സ്വദേശി പൃഥിരാജ് കുമാർ(47) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ നൽകിയ വ്യാജവിസയുമായി യാത്രചെയ്ത യുവതി ഉൾപ്പെടെയുള്ള മൂന്നുപേരെ അടുത്തിടെ സ്പെയിനിൽ നിന്ന് ഇന്ത്യയിലേക്ക് തന്നെ നാടുകടത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ പിന്നീട് പോലീസിന് കൈമാറി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നതിനുള്ള വിസ ലഭിക്കാൻ മതിയായ വിദ്യാഭ്യാസയോഗ്യതയും നടപടിക്രമങ്ങളും ആവശ്യമാണ്. എന്നാൽ തട്ടിപ്പുസംഘം വ്യാജരേഖകൾ നൽകി വ്യാജവിസ സ്വന്തമാക്കുകയും ലക്ഷങ്ങൾ ഈടാക്കി ഇത് മറ്റുള്ളവർക്ക് നൽകുകയുമായിരുന്നു. ആറുലക്ഷം രൂപ വീതമാണ് തട്ടിപ്പിനിരയായവർ പ്രതികൾക്ക് നൽകിയിരുന്നത്.

പ്ലസ് ടു മാത്രം യോഗ്യതയുള്ളവരാണ് വ്യാജ വിസ ചതിയിൽ കുടുങ്ങിയത്. വിസ വ്യാജമാണെന്നറിയാതെ സ്പെയിനിലെത്തിയ ഇവരെയെല്ലാം പിന്നീട് തിരികെ നാട്ടിലേക്ക് തന്നെ കയറ്റിവിടുകയായിരുന്നു. വിസ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ കബളിപ്പിച്ചാണ് പ്രതികൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതെന്നും വ്യാജവിസ നൽകിയതെന്നും പോലീസ് പറഞ്ഞു. മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട കൂടുതൽ ഏജന്റുമാരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ഏജന്റുമാരുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ആർ. രാജീവ്, എസ്.ഐ. ടി.എം. സൂഫി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here