gnn24x7

ചീയമ്പത്ത്കാരെ വിറപ്പിച്ച കടുവ കൂട്ടിലായി : ഇനി സമാധാനത്തോടെ കിടന്നുറങ്ങാം

0
184
gnn24x7

വയനാട് (പുല്‍പ്പള്ളി) : ഏറെ ദിവസങ്ങളായി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത ചീയമ്പത്തെ നാട്ടുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങിയിട്ട്. ഒന്നിരുട്ടിക്കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും ഭയം. ഇരുളില്‍ ഒരു ചെടിയനങ്ങിയാല്‍പോലും അറിയാതെ നിലവിളിച്ചുപോവുന്ന അവസ്ഥ. കൊറോണ കാലത്തെ ലോക്ഡൗണിനേക്കാള്‍ ഭീകരമായ അന്തരീക്ഷം. രണ്ടുമാസക്കാലം നാടിനെ വിറപ്പിക്കുകയും നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുയും യഥേഷ്ടം വിഹരിച്ചു നടക്കുകയും ചെയ്ത കടുവ ഒടുവില്‍ കൂട്ടിലായി. നാട്ടുകാര്‍ക്ക് ഏറെ ആശ്വാസവും.

9 വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ഇന്നലെ വനപാലകര്‍ ഒരുക്കിയ കൂട്ടില്‍ ചെന്നുപെട്ടത്. അതോടെ മാസങ്ങളോളമായി നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഒരു വിട്ടിലെ വളര്‍ത്തു നായയെ പിടിക്കാന്‍ കടുവ ശ്രമിച്ചിരുന്നു. ഉടനെ നാട്ടുകാര്‍ പാട്ടകളും മറ്റും കൊട്ടി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കടുവയെ തുരത്തി ഓടിക്കുകയാണുണ്ടായത്. ശനിയാഴ്ച രാവിലെയോടെയാണ് ആനപന്തിക്ക് സമീപം ഒരുക്കിയ കൂട്ടില്‍ ഈ കടുവ ചെന്നുവിണത്.

തുടര്‍ന്ന് 8 മണിയോടെ വനപാലകര്‍ ഇരുളം വനവകുപ്പ് വിഭാഗം ഓഫീസിലെത്തിച്ചു. വനം വകുപ്പിന്റെ പ്രത്യേക ഡോക്ടറായ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഒരു സംഘം വിശദമായി കടുവയെ പരിശോധിച്ച് വയസ്സുവരെ തിട്ടപ്പെടുത്തി. കടുവയ്ക്ക് പുറമെ മറ്റു പരുക്കുകള്‍ ഒന്നും ഇല്ലെന്നും ഇനി ആന്തര അവയവങ്ങള്‍ക്ക് മറ്റെന്തെങ്കിലും പരുക്കുകളോ ചതവുകളോ ഉണ്ടെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ തിട്ടപ്പെടുത്താനാവൂ എന്നാണ് പറയുന്നത്.

പുല്‍പ്പള്ളി, നായ്ക്കട്ടി, ചീയമ്പം ഭാഗങ്ങളില്‍ പലപ്പോഴായി പുലിയോ കടുവയോ ഇറങ്ങാറുണ്ട്. വേനല്‍ക്കാലമാവുമ്പോഴാണ് സാധാരണ ഇത്തരം മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവ്. ചീയമ്പം പ്രദേശത്തു തന്നെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇത് നാലാമത്തെ കടുവയാണ് വനപാലകരുടെ കെണിയില്‍പെടുന്നത്. ഇപ്പോഴും ഇനി ഈ കടുവയെ എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഒരു തീരുമാനമായില്ല. ഇന്നലെ അര്‍ദ്ധരാത്രിവരെ ഇതെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. കടുവ സംരക്ഷണ അതോറിറ്റിയുടെയും സംസ്ഥാന വന്യജീവി സംരക്ഷണ മേധാവിയുടെയും അനുമതിയോടെ മാത്രമെ കടുവയെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുവാനാവുകയുള്ളൂ.

ഇത്രയും ദിവസത്തിനിടയില്‍ 14 വളര്‍ത്ത് ആടുകളേയും 4 നായ്ക്കളേയും കടുവ കൊന്നുതിന്നു കഴിഞ്ഞു. ഇതോടെ നാട്ടുകാര്‍ പ്രതിസന്ധിയിലായി. വൈകുന്നേരം ഒരു 4 മണി കഴിഞ്ഞാല്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ഇതിനിടെ ഏഴുപത്തിമൂന്ന് എന്ന സ്ഥലത്ത് ബൈക്ക് യാത്രികര്‍ കടുവയുടെ മുന്‍പില്‍പെട്ടതോടെ നാട്ടുകാര്‍ റേഞ്ച് ഓഫീസറെ ഖരാവോ ചെയ്തു. ഉടനെ കെണിയൊരുക്കണമെന്നും കടുവയെ പിടിച്ച ്‌സ്വര്യജീവിതം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്നാണ് വീണ്ടും രണ്ടാമത്തെ കൂടുകൂടി വച്ചത്. എന്നാല്‍ ഈ കൂട്ടിലൊന്നും കയറാതെ കടുവ തന്റെ വിഹാരം തുടര്‍ന്നു.

ചീയമ്പത്തെ നാട്ടുകാര്‍ക്ക് ഈ കടുവയെ പിടിച്ചത് ഒരു താല്‍ക്കാലിക ആശ്വാസം മാത്രമാണെന്ന് പറയാം. കാരണം നിരന്തരം കടുവ ശല്യം നേരിടുന്ന പ്രദേശമാണ് ഈ ചീയമ്പം. ഇവിടുത്തെ നിവാസികളില്‍ പലരും ഇതെപ്പറ്റി ഇപ്പോഴും ആശങ്കയുള്ളവരാണ്. ഈ പ്രദേശത്ത് മുന്‍പ് കുടുംബത്തോടെ കടുവയെ കണ്ടതുകൊണ്ട് ഇനിയും കടുവകള്‍ ഇറങ്ങിയേക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

https://m.facebook.com/story.php?story_fbid=2755378444701050&id=1548996238672616&sfnsn=wiwspwa

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here