gnn24x7

മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ കാണാതായി

0
193
gnn24x7

ഭോപ്പാല്‍: മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള പവര്‍ പ്ലാന്റിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കൃത്രിമ തടാകം തകര്‍ന്ന് പുറത്തേക്കൊഴുകിയത്.

പത്തോളം കല്‍ക്കരി പവര്‍ പ്ലാന്റുകളുള്ള സിന്‍ഗ്രൗലിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. പ്രദേശത്ത് താമസിക്കുന്നവര്‍ അവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളിലും വീഡിയോകളിലും മാലിന്യങ്ങള്‍ ശക്തിയില്‍ അടുത്തുള്ള കൃഷിയിടങ്ങളിലേക്ക് ഒഴുകി വരുന്നത് കാണാം.

റിലയന്‍സ് പവറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണിതെന്ന് സിന്‍ഗ്രൗലി ജില്ലാ കളക്ടര്‍ കെ. വി. എസ് ചൗധരി പറഞ്ഞു.

‘മാലിന്യങ്ങള്‍ ഒഴുക്കി വിടുന്ന കൃത്രിമ തടാകത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അഞ്ചു പേരെയാണ് കണാതായത്. റിലയന്‍സ് പവറിന്റെ ഗുരുതരമായ അലംഭാവമാണിത്. ഞങ്ങള്‍ പ്രദേശവാസികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വിളവുകളൊക്കെ നശിച്ചു പോയിട്ടുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കുമെന്ന കാര്യം ഞങ്ങള്‍ ഉറപ്പു വരുത്തും,’ കെ. വി. എസ് ചൗധരി പറഞ്ഞു.

21,000 മെഗാവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള 10 കല്‍ക്കരി അധിഷ്ഠിത ഊര്‍ജ നിലയങ്ങളില്‍ സിന്‍ഗ്രൗലിയിലെ ഊര്‍ജ നിലയത്തിനടുത്ത കൃത്രിമ തടാകത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഗാസിയാബാദ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള രണ്ടാമത്തെ വ്യവസായ മേഖലയാണ് സിന്‍ഗ്രൗലി.

‘എസ്സാര്‍ പ്ലാന്റിലെ കൃത്രിമ തടാകവും ഇതിനുമുമ്പ് ചോര്‍ന്നിരുന്നു. ഇതിന് ശേഷം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അന്ന് എല്ലാ ഊര്‍ജ്ജ കമ്പനികളും അവരുടെ മാലിന്യമെത്തുന്ന തടാകങ്ങള്‍ക്ക് കേടുപാടുകളില്ലെന്നും കൃത്യമായി പരിപാലിച്ചു വരുന്നുണ്ടെന്നും അറിയിച്ചിരുന്നു,’ സിന്‍ഗ്രൗലിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന അഭിഭാഷകനായ അഷ്വാനി ദുബേ പറഞ്ഞു.

‘രാജ്യത്തെ തന്നെ ഗുരുതരമായ പ്രശ്‌നം നേരിടുന്ന മേഖലയാണിത്. നിരവധി നിര്‍ദേശങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും ആരും തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here