നിര്‍മ്മലാ സീതാരാമന്റെ രണ്ടാം ബജറ്റില്‍ നിറയുന്നത് അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് കൂടെ പ്രചോദനം പകരുന്ന പദ്ധതികള്‍. 2024ന് മുമ്പ് രാജ്യത്തുടനീളം 100 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവള പദ്ധതികള്‍. കാര്‍ഷികവിളകളുടെ കയറ്റുമതിക്ക് കിസാന്‍ ഉഡാന്‍ പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും.
2000 കിലോമീറ്റര്‍ സ്ട്രാറ്റജിക് ഹൈവേ നിര്‍മ്മിക്കുമെന്നും സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപനം വന്നിട്ടുണ്ട്. അടിസ്ഥാന മേഖല വികസനത്തിന് പുതുമാനം നല്‍കാന്‍ ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി രൂപയും വകയിരുത്തി. 2024 ഓടെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് അടിസ്ഥാന സൗകര്യ മേഖലയിലെ ഉണര്‍വ്വിലൂടെ ശ്രമിക്കുന്നത്.
ചെന്നൈ-ബംഗളൂരു എക്‌സ്പ്രസ് വേ നിര്‍മ്മാണം തുടങ്ങുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിക്കുന്നു. പിപിപി മാതൃകയില്‍ 150 പുതിയ ട്രെയിനുകള്‍ ഓടിക്കും. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമുണ്ട്. കൂടുതല്‍ തേജസ് മോഡല്‍ ട്രെയ്‌നുകളും അവതരിപ്പിക്കും.
2024ന് മുന്‍പ് 6,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. അതായത് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ലക്ഷ്യം കൈവരിക്കാനാണ് ധനമന്ത്രിയുടെ ശ്രമം.