ബർലിൻ: ലോകം അറിയപ്പെടുന്ന സ്വീഡീഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യൂൺബർഗിന്റെ മെഴുക് പ്രതിമ ജർമനിയിലെ പ്രമുഖ തുറമുഖ നഗരമായ ഹാംബുർഗിൽ ബുധനാഴ്ച ഉയർന്നു. ഹാംബുർഗിലെ റേഷർബാന് സമീപമുള്ള മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
പനോപ്റ്റിക്കം എന്ന പ്രസിദ്ധ ജർമൻ മെഴുക് പ്രതിമ കമ്പനിയാണ് ഗ്രെറ്റയുടെ മെഴുക് പ്രതിമ നിർമിച്ചത്. മ്യൂസിയത്തിൽ ഇതിനകം 120 പ്രമുഖരുടെ പ്രതിമകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഫ്രെഡേയ്സ് ഫോർ ഫ്യൂച്ചർ (Fridays for Future) എന്ന പ്രചാരണ വാചകമാണ് ഗ്രെറ്റയെ വിഖ്യാതയാക്കിയത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ആഗോളതലത്തിൽ സമരം ആളിപ്പടർത്താൻ ഗ്രെറ്റാക്ക് കഴിഞ്ഞു. ജർമനിയിലെ പരിസ്ഥിതി വാദികളാണ് ഗ്രെറ്റായുടെ മെഴുക് പ്രതിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
2019 ൽ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും അധികം അച്ചടിച്ച വാചകമായി Fridays for Future തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ വ്യാജ ഇടപെടലുകൾ തടയുന്നതിന് ഗ്രെറ്റ തന്റെ പേരിനും Fridays for Future എന്ന പ്രചാരണ വാചകത്തിനും ട്രേഡ് മാർക്കു ലഭിക്കാനായി റജിസ്റ്റർ ചെയ്തു. ഗ്രെറ്റയുടെ പേരിൽ ഇതിനകം ഒട്ടനവധി ദുരുപയോഗങ്ങളും പണമിടപാടുകളും വിവിധ രാജ്യങ്ങളിൽ നടക്കുന്നുണ്ട്. ഇതു തടയാനാണ് ട്രേഡ് മാർക്ക് നീക്കമെന്നു സൂചനയുണ്ട്.