ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗര പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനത്ത് മലപ്പുറം. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദ് ഇക്കണോമിസ്റ്റ് തയ്യാറാക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ നാലാമത് കോഴിക്കോടും പത്താമത് കൊല്ലവുമാണ്.
പത്ത് പേരുകളുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരുകളും കേരളത്തില്‍ നിന്നു തന്നെ. ചൈനയില്‍ നിന്നുമുണ്ട് മൂന്നു നഗര പ്രദേശങ്ങളുടെ പേരുകള്‍. ഷാര്‍ജ എട്ടാമതായും മസ്‌കറ്റ് ഒമ്പതാമയും പട്ടികയിലുണ്ട്. 2015 മുതല്‍ അഞ്ചു വര്‍ഷത്തെ വളര്‍ച്ചാ നിരക്കു കണക്കാക്കി രൂപം നല്‍കിയതാണു പട്ടിക.
മലപ്പുറം 44.1 ശതമാനം വളര്‍ച്ചാ നിരക്കുമായാണ് കുതിക്കുന്നത്. കോഴിക്കോട് 34.5 ശതമാനവും കൊല്ലം 31.1 ശതമാനവും നിരക്കോടെ മുന്നേറുന്നു. വിയറ്റ്‌നാമിലെ കാന്‍തോ- 36.7, ചൈനയിലെ സുക്വിയാന്‍ – 36.6, നൈജീരിയയിലെ അബുജ -34.2 , ചൈനയിലെ സുഷു- 32.5 ,ചൈനയിലെ തന്നെ പുതിയാന്‍ -32.2, യുഎഇ യിലെ ഷാര്‍ജ -32.2 , ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റ് -31.4 എന്നിവയും പട്ടികയിലുണ്ട്.
2017 ലെ കണക്കനുസരിച്ച് ജനസംഖ്യാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ആഗോള നഗരം ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ (37.4 ദശ ലക്ഷം ) ആണെങ്കില്‍ രണ്ടാം സ്ഥാനത്തുണ്ട് ഡല്‍ഹി (27.6 ദശ ലക്ഷം).ആറാമതാണ് മുംബൈ ( 19.8 ദശ ലക്ഷം ) . 2017 ലെ കണക്കു പ്രകാരം ചൈനയാണ് 141 കോടി ജനസംഖ്യയുമായി ലോകരാജ്യങ്ങളില്‍ ഒന്നാമത്. 134 കോടിയുമായി ഇന്ത്യ രണ്ടാമതാണ്. പക്ഷേ, ദ് ഇക്കണോമിസ്റ്റ് തയ്യാറാക്കിയ ലിസ്റ്റിലെ അനുമാനം 2040 ല്‍ ഇന്ത്യ ഒന്നാമതും( 19.8 ദശ ലക്ഷം ) ചൈന രണ്ടാമതും( 19.8 ദശ ലക്ഷം ) എത്തുമെന്നാണ്.