പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കാൽകൊണ്ട് സെൽഫിയെദുക്കുകയും ചെയ്തതോടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആലത്തൂര്‍ സ്വദേശി പ്രണവ്.
റിയാലിറ്റി ഷോകളില്‍ നിന്നും മറ്റുമടക്കം താന്‍ സമ്പാദിച്ച പണം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറിയ പ്രണവിനെ കുറിച്ച് പിണറായി തന്‍റെ ഫേസ്ബൂക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഈ ചിത്രം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയതോടെ പ്രണവിന്റെ ഇഷ്ടതാരവും സൂപ്പർ സ്റ്റാറുമായ രജനികാന്തിനെ കാണാന്‍ പ്രണവിനു അവസരം ലഭിച്ചു.
ചെന്നൈയിലെ രജനിയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പ്രണവിനെ പൊന്നാട അണിയിച്ചാണ് സ്റ്റൈൽ മന്നൻ സ്വീകരിച്ചത്. പ്രണവ് തന്റെ കാലുകൊണ്ട് വരച്ച രജനിയുടെ ചിത്രവും സൂപ്പർ താരത്തിന് കൈമാറി.
രജനിയോടൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് പ്രണവും കുടുംബവും ചെന്നൈയിൽ നിന്നും മടങ്ങിയത്. എന്ത് സഹായം വേണമെങ്കിലും ചോദിക്കാമെന്നും ഒപ്പമുണ്ടെന്നും രജനി പ്രണവിന് ഉറപ്പ് നൽകി.
ഇപ്പോഴിതാ, പ്രണവിനെ തേടി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. വാര്‍ത്തകളിലൂടെ അറിഞ്ഞ കലാകാരനെ നേരിട്ട് കാണാനായി ലാലേട്ടന്‍ എത്തുകയായിരുന്നു.
ജന്മനാ രണ്ട് കെെകളുമില്ലാത്ത പ്രണവ് തന്‍റെ കാലുകള്‍ ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്. പ്രിയ താരത്തിന് നല്‍കാനും പ്രണവൊരു സമ്മാനം കരുതിയിരുന്നു.
മോഹന്‍ലാലിന്‍റെ ചിത്രമായ ഒടിയന്‍റെ പെയ്ന്‍റിങ്ങായിരുന്നു ആ സമ്മാനം. ഫ്രെയിം ചെയ്ത ചിത്രം പ്രണവ് മോഹന്‍ലാലിന് കൈമാറി.