ലണ്ടൻ: ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആലേഘനം ചെയ്ത അമ്പത് പെൻസ് നാണയമാണ് ബ്രക്സിറ്റിന്റെ സ്മരണാർഥം റോയൽ മിന്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ചാൻസിലർ സാജിദ് ജാവേദ് ഇന്നലെ നാണയത്തിന്റെ പ്രകാശനം നിർവഹിച്ചു.
ബ്രക്സിറ്റ് ദിനമായ ജനുവരി 31 എന്ന തിയതിക്കൊപ്പം ‘പീസ് പ്രോസ്പിരിറ്റി ആൻഡ് ഫ്രണ്ട്ഷിപ്പ് വിത്ത് ഓൾ നേഷൻസ്’ എന്ന വാചകമാണ് നാണയത്തിൽ മുദ്രണം ചെയ്തിരിക്കുന്നത്. മറുവശത്ത് എലിസബത്ത് രാജ്ഞിയുടെ ചിത്രവും. ഒക്ടോബർ 31ന് ബ്രക്സിറ്റ് നടപ്പാകും എന്ന ധാരണയിൽ അന്നത്തെ തിയതി വച്ച് നേരത്തെ സമാനമായ ഒരു ദശലക്ഷത്തോളം നാണയങ്ങൾ റോയൽ മിന്റ് തയാറാക്കിയിരുന്നു. എന്നാൽ അന്ന് ബ്രക്സിറ്റ് നടക്കാതായതോടെ ഇവ പിൻവലിച്ച് ഉരുക്കി പുതിയവ നിർമിക്കേണ്ടിവന്നു.
ബ്രക്സിറ്റ് ദിനമായ വെള്ളിയാഴ്ച മുതൽ മുപ്പതു ലക്ഷത്തോളം ബ്രക്സിറ്റ് നാണയങ്ങൾ വിനിമയത്തിനായി വിപണിയിൽ ഇറങ്ങും. ‘ബ്രിട്ടന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരാനുള്ള തീരുമാനം. ആ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് ഈ പുതിയ നാണയ’മെന്ന് സാജിദ് ജാവേദ് പറഞ്ഞു.