gnn24x7

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ഭീതി ബ്രിട്ടനിലും; 14 പേർ നിരീക്ഷണത്തിൽ

0
259
gnn24x7

ലണ്ടൻ: ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ഭീതി ബ്രിട്ടനിലും. രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടത്തിയ 14 പേർക്ക് കർശന നിരീക്ഷണത്തിൽ രഹസ്യ സ്വഭാവത്തോടെ ചികിൽസകൾ നൽകി വരികയാണ്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ അഞ്ചുപേർക്ക് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ റിസൽട്ടിനായി കാത്തിരിക്കുകയാണ്.

ലോകമെമ്പാടും ഇതുവരെ എണ്ണൂറോളം പേർക്കാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനയിൽ മാത്രം രോഗം മൂലം 26 പേർ മരിച്ചു കഴിഞ്ഞു. അനൗദ്യോഗിക കണക്കുകളനുസരിച്ച് പതിനായിരത്തിലേറെ പേർക്ക് രോഗബാധയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സ്ഥിതിഗതികൾ വിലയിരുത്താനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്.

അടിയന്തര സാഹചര്യങ്ങളിൽ ചേരുന്ന സർക്കാരിന്റെ കോബ്ര കമ്മിറ്റി വിളിച്ച് കാര്യങ്ങൾ വിലയിരുത്താനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം. ഇന്നുച്ചയോടെ കോബ്രാ കമ്മിറ്റി ചേരും. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിതരെ കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എന്നാൽ, അടിയന്തര സാഹചര്യം നേരിടാൻ എല്ലാവിധ മുന്നൊരുക്കത്തോടെയുമാണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനമെന്നും പ്രധാനമന്ത്രിയുടെ വക്താവ് വിശദീകരിച്ചു.

കഴിഞ്ഞ ജിവസങ്ങളിൽ ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടു ചെയ്യപ്പെട്ട ചൈനയിലെ വുഹാനിൽനിന്നും എത്തിയവരും അടുത്തിടെ അവിടം സന്ദർശിച്ച് മടങ്ങിയെത്തിയവരുമായ 14 പേരെയാണ് കർശന പരിശോധനകൾക്കും ചികിൽസയ്ക്കും വിധേയമാക്കുന്നത്. ബ്രിട്ടനിൽ പഠിതക്കാനായി ദിവസേന നൂറുകണക്കിന് ചൈനീസ് വിദ്യാർഥികളാണ് എത്തുന്നത്. കൂടാതെ ബിസിനസ് ആവശ്യങ്ങൾക്കും ടൂറിസത്തിനുമായി എത്തുകയും ചൈനയിൽ പോയി മടങ്ങിവരുന്നവരും ആയിരങ്ങളാണ്. ഇവർക്കെല്ലാം പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.

നിരവധി ചൈനീസ് വിദ്യാർഥികൾ പഠിക്കുന്ന കാമ്പസുകളെല്ലാം കൊറോണ ഭീതിയിലാണ്. എൻഎച്ച്എസ് ആശുപത്രികളിലെ സ്റ്റാഫും പ്രത്യേകിച്ച് മലയാളികൾ ഉൾപ്പെടെയുള്ള നഴ്സിംങ് സ്റ്റാഫും കടുത്ത ഭീതിയിലാണ്. ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങൾ കാണിക്കുന്നവരെയെല്ലാം ഐസൊലേഷൻ ചികിൽസയ്ക്ക് വിധേയരാക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ചൈനയിൽനിന്നും യുകെയിലേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കർഷന പരിശോധനകൾക്ക് വിധേയരാക്കി രോഗബാധയില്ലെന്ന് ഉറപ്പാക്കാൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് എയർപോർട്ട് അധികൃതർക്കും ഹോം ഓഫിസിനും നിർദേശം നൽകിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവർ എവിടെയാണ് ചികിൽസയിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here