gnn24x7

യുകെയിൽ ഫെബ്രുവരി മാസത്തിലും നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു

0
249
gnn24x7

ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബറിൽ ആരംഭിച്ച പണിമുടക്കുകളുടെ തുടർച്ചയായി കൂടുതൽ സമര തീയതികൾ റോയൽ കോളജ് ഓഫ് നഴ്സിങ് പ്രഖ്യാപിച്ചു. ജനുവരി 18, 19 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്കുകൾ കൂടാതെ കഴിഞ്ഞ ദിവസം ഫെബ്രുവരി 6, 7 തീയതികളിൽ ഇംഗ്ലണ്ടിലും വെയിൽസിലും നഴ്സുമാരുടെ പണിമുടക്കുകൾ നടത്തുമെന്ന് ആർസിഎൻ പറഞ്ഞു. ശമ്പള വർധനയിൽ പുരോഗതി ഇല്ലെങ്കിൽ യൂണിയന്റെ ഭാഗമായ മുഴുവൻ ജീവനക്കാരെയും അണിനിരത്തുമെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് ഭാരവാഹികൾ നേരത്തെ സൂചന നൽകിയിരുന്നു. പണിമുടക്കുകൾ തടയാൻ സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ അടിയന്തര പരിരക്ഷയുടെ ഭാഗമായി പ്രവർത്തിക്കുമെങ്കിലും മറ്റ് വിഭാഗങ്ങളിൽ പണിമുടക്ക് കാര്യമായി ബാധിക്കും. ഭാരിച്ച ഹൃദയ വേദനയോടെയാണു നഴ്സിങ് ജീവനക്കാർ നാളെയും മറ്റന്നാളും മൂന്നാഴ്ചയ്ക്കുള്ളിലും പണിമുടക്കുന്നതെന്നും പരിഹാരശ്രമങ്ങൾക്കു പകരം ഋഷി സുനക് വീണ്ടും സമര നടപടികൾ തിരഞ്ഞെടുത്തുവെന്നും ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.

ശമ്പളവർധനയെ ചൊല്ലി മന്ത്രിസഭയ്ക്കുള്ളിൽ കടുത്ത അഭിപ്രായ ഭിന്നത ഉള്ളതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇനിയുള്ള പണിമുടക്കുകൾ ഒഴിവാക്കാൻ ഹെൽത്ത് സെക്രട്ടി സ്റ്റീവ് ബാർക്ലേ നടത്തുന്ന ശ്രമങ്ങൾക്ക് ചൻസലർ ജെറെമി ഹണ്ട് തടയിടുന്നു എന്നാണ് ആക്ഷേപം. എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി ധനകാര്യ വകുപ്പിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് ബാർക്ലേ യൂണിയൻ നേതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അനുവദിക്കുന്ന ഏതൊരു ശമ്പള വർധനയും നിലവിലുള്ള ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നാണ് ജെറമി ഹണ്ട് പറയുന്നത്. അതായത് ശമ്പള വർധന അനുവദിച്ചാൽ മറ്റു പലയിടങ്ങളിലും എൻഎച്ച്എസിന് ചെലവ് ചുരുക്കേണ്ടി വരും.

ഇംഗ്ലണ്ടിലെ ഏകദേശം എഴുപതിലധികം എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യുന്ന നഴ്സിങ് സ്റ്റാഫുകളിൽ ബഹുഭൂരിപക്ഷവും പണിമുടക്കിൽ പങ്കുചേരും. ഈ വർഷം നഴ്സുമാർക്ക് കുറഞ്ഞത് 5% ശമ്പള വർധന ലഭിക്കണമെന്നാണ് ആർസിഎൻ പറയുന്നത്. പണപ്പെരുപ്പം അനുദിനം വർധിക്കുന്നതിനിടയിൽ ജീവനക്കാർക്ക് അർഹമായ വേതനം ലഭ്യമാകണമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം യൂണിയൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ താങ്ങാനാകാത്തതാണെന്നും ശമ്പള വർധനവ് തീരുമാനിക്കുന്നത് സ്വതന്ത്രമായ ശമ്പളപരിശോധന സമിതികളാണെന്നുമാണു സർക്കാർ പറയുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യു

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here