യുകെയിൽ പഠനത്തിനായി എത്തുന്ന വിദ്യാർഥി വീസയിലുള്ളവർ കുടുംബാംഗങ്ങളെ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണം വേണമെന്ന നിലപാടുമായി ഹോം സെക്രട്ടറി സുല്ലാ ബാവർമാൻ. ഇതു സംബന്ധിച്ച് ക്യാബിനറ്റിൽ തർക്കങ്ങൾ നിലനിൽക്കവെയാണ് സുവെല്ലാ ബാവർമാൻ നിലപാട് കടുപ്പിക്കുന്നത്. ചാൻസലർ ജെറമി ഹണ്ട്, വിദ്യാഭ്യാസ സെക്രട്ടറി ഗിലിയാൻ കീഗാൻ എന്നിവർ നിയന്ത്രണങ്ങൾക്ക് എതിരാണ്. എന്നാൽ യുകെയിലേക്ക് വിദേശ വിദ്യാർഥികൾ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പല മന്ത്രിമാരും എതിർപ്പ് ഉന്നയിക്കുന്നുണ്ട്.
ഒരു വർഷത്തെ മാസ്റ്റേഴ്സ് വിദ്യാർഥികൾ യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കി പ്രഖ്യാപനം നടത്താൻ ഗവൺമെന്റ് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും വിഷയം ക്യാബിനറ്റിൽ സജീവ ചർച്ചയിൽ തുടരുകയാണ്.
മേയ് 25 ന് നെറ്റ് മൈഗ്രേഷൻ സംബന്ധിച്ച് 2022 ലെ വിവരങ്ങൾ പുറത്തുവരും. ഇതിന് മുന്നോടിയായാണ് ഹോം സെക്രട്ടറി ഇമിഗ്രേഷൻ നടപടികൾ കർശനമാക്കാൻ വാദം ഉന്നയിക്കുന്നത്. യുകെയിൽ പഠിക്കാനെത്തുന്ന പിഎച്ച്ഡി വിദ്യാർഥികളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തണമെന്ന ആവശ്യം വിദ്യാഭ്യാസ സെക്രട്ടറി ഗിലിയാൻ കീഗാൻ എതിർത്തുവെന്നാണ് വിവരം. ഇത് പഠനത്തിനായി മറ്റ് രാജ്യങ്ങളെ സമീപിക്കുവാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗിലിയാൻ കീഗാൻ പറഞ്ഞു.
യുകെയിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വർഷം പത്തുലക്ഷത്തിലേക്ക് അടുത്തതായി വെളിപ്പെടുത്തി കണക്കുകൾ പുറത്തു വന്നിരുന്നു. മുൻപ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി തോതിലാണ് കുടിയേറ്റക്കാരുടെ വരവ്. 2022ൽ 6,50,000 മുതൽ 9,97,000 വരെ കുടിയേറ്റക്കാർ യുകെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത് മുൻപത്തെ കണക്കായ 5,04,000 എന്ന ഏറ്റവും ഉയർന്ന നിരക്കിനെ മറി കടക്കുന്നതാണ്. 2021 ജൂൺ മുതൽ 2022 വരെയുള്ള കണക്കാണ് പുറത്തു വന്നിട്ടുള്ളത്. ഇതു സർവകാല റെക്കോർഡാണ്. യുക്രെയ്ൻ അഭയാർഥികളുടെ ഒഴുക്കിന് പുറമെ കൂടുതൽ രാജ്യാന്തര വിദ്യാർഥികളും എൻഎച്ച്എസ് ജീവനക്കാരും എത്തിച്ചേരുന്നതാണ് ഇതിലേക്ക് വഴിവയ്ക്കുന്നതെന്നാണ് കരുതുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL







































