ലണ്ടൻ: മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് എലിസബത്ത് രാജ്ഞി ഒപ്പുവച്ചു നിയമമാക്കിയ ബ്രക്സിറ്റ് കരാറിൽ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഔദ്യോഗികമായി ഒപ്പുവച്ചു. ഇതോടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായ ബ്രക്സിറ്റ് ഡിവോഴ്സ് ബില്ല് അംംഗീകരിക്കപ്പെട്ട നിയമമായി. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസല വോൻ ഡെയർ ലെയ്ൻ നേരത്തെ തന്നെ ഒപ്പുവച്ച ഡീലാണ് ഇപ്പോൾ പ്രധാനമന്ത്രി പാർലമെന്റിൽ പാസാക്കി ഒപ്പിട്ട് മടക്കി അയച്ചിരിക്കുന്നത്. ഡൗണിങ് സ്ട്രീറ്റിലെ ഒൗദ്യോഗിക വസതിയിൽ വച്ചായിരുന്നു ബോറിസ് ഇന്നലെ ചരിത്രപ്രസിദ്ധമായ കരാറിൽ ഒപ്പുവച്ചത്.
ബ്രക്സിറ്റിനു ശേഷം യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ നിശ്ചയിക്കേണ്ടത് യൂറോപ്യൻ പാർലമെന്റാണ്. അടുത്ത ബുധനാഴ്ച ഡീലുമായി ബന്ധപ്പെട്ട ചർച്ചയും വോട്ടെടുപ്പും യൂറോപ്യൻ പാർലമെന്റിൽ നടക്കും.
യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോരുന്നതിനുള്ള ഔദ്യോഗിക രേഖയിലാണ് ഇന്നലെ പ്രധാനമന്ത്രി ഒപ്പുവച്ചത്. വിസ്മയകരമായ അനുഭവം എന്നായിരുന്നു ഇതെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. യൂറോപ്യൻ യൂണിയനുമായി പുതിയൊരു ബന്ധം ഉണ്ടാക്കുമെന്നും യൂണിയനു പുറത്തുള്ള രാജ്യങ്ങളുമായി ഉടൻ തന്നെ സ്വതന്ത്ര വ്യാപാര ബന്ധങ്ങളുണ്ടാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.