gnn24x7

ബ്രിട്ടനിൽ വിവിധ ആശുപത്രികളിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 717 പേർ

0
248
gnn24x7

ലണ്ടൻ: മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ഡൗണിനും നിയന്ത്രണങ്ങൾക്കും കാര്യമായ ഇളവ് പ്രതിക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായ സൂചന നൽകുകയാണ് ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ്. വ്യാഴാഴ്ചയാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗൺ കാലാവധി അവസാനിക്കുന്നത്. ഇത് തുടരണമോ എന്നു തീരുമാനിക്കാൻ കോബ്രാ കമ്മിറ്റി യോഗം ചേരും. വൈറസ് ബാധയുടെ പാരമ്യത്തിൽ തന്നെയാണ് രാജ്യം ഇപ്പോഴും ഉള്ളതെന്നും അതിനാൽതന്നെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഡൊമിനിക് വ്യക്തമാക്കിയത്.

717 പേരാണ് ഇന്നലെ മാത്രം ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 11,329 ആയി. 14,506 പേർക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 4342 കേസുകൾ പോസിറ്റീവായിരുന്നു. ആകെ രോഗികളുടെ എണ്ണം 88,621 ആണ്.

രാജ്യത്തെ എല്ലാ ആളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നതു സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും സയന്റിഫിക് എവിഡൻസിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ചീഫ് മെഡിക്കൽ ഓപിസർ ഡോ. ക്രിസ് വിറ്റി പറഞ്ഞു. മെഡിക്കൽ മാസ്കുകൾ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവ ആരോഗ്യ പ്രവർത്തകർക്കായി മാറ്റിവയ്ക്കണമെന്നും പൊതുജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത്.

പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ. ഡൗണിംങ് സ്ട്രീറ്റിലെ പത്താം നമ്പർ ഔദ്യോഗിക ഫ്ലാറ്റിൽനിന്നും മാറി കൺട്രി എസ്റ്റേറ്റായ ചെക്കേഴ്സിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ഏതാനും ദിവസംകൂടി പരിപൂർണവിശ്രമം അദ്ദേഹത്തിന് അനിവാര്യമാണ്. അതുവരെ ഡൊമിനിക് റാബ് തന്നെ ഭരണത്തിന് നേതൃത്വം നൽകും. രാജ്യത്തെ 11,300 നഴ്സിംങ് ഹോമുകളിൽ നിരവധി ആളുകൾ കോവിഡ് ബാധിച്ച് മരിക്കുന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ദിവസേന അമ്പതിലേറെ ആളുകൾ ഇത്തരത്തിൽ മരിക്കുന്നതായി സർക്കാരും സമ്മതിച്ചിരുന്നു. ഇതുകൂടി ചേർത്തുവായിച്ചാൽ ബ്രിട്ടനിലെ നിലവിലുള്ള മരണസംഖ്യ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലും വളരെ ഏറെയാകും.

രാജ്യത്തെ 92 നഴ്സിംങ് ഹോമുകളിൽ ഇന്നലെ മാത്രം കോവിഡ് ബാധ സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സമ്മതിച്ചു. നിരവധി നഴ്സിംങ് ഹോമുകളിൽ ആളുകൾ കൂട്ടത്തോടെ മരിക്കുന്ന വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇവയൊന്നും കോവിഡ് മരണങ്ങളുടെ കണക്കിൽ പെടുന്നുപോലുമില്ല. ഡറമിലെ ഒരു നഴ്സിംങ് ഹോമിൽ മാത്രം പതിമൂന്നുപേരാണ് രണ്ടു ദിവസത്തിനുള്ളിൽ കോവിഡ് രോഗലക്ഷണങ്ങളെത്തുടർന്ന് മരിച്ചത്. ഇത്തരത്തിൽ കെന്റ്, ഗ്ലാസ്ഗോ, ക്രോയിഡൺ, ഈസ്റ്റ് ലണ്ടൻ, ലുട്ടൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ വൃദ്ധജനനങ്ങൾ മരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here