gnn24x7

ബ്രിട്ടനിൽ വാട്സാപ്പ് നിർത്തലാക്കും; ഈ നിയമം ആപ്പുകൾക്ക് വെല്ലുവിളിയാകുമെന്ന് സൂചന

0
361
gnn24x7

ബ്രിട്ടിഷ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വാട്‌സാപും സിഗ്നലും പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിയമവിരുദ്ധമാക്കാൻ സാധ്യതയുണ്ട്. മെറ്റാ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് അതിന്റെ ഏറ്റവും വലിയ ഫീച്ചറുകളിലൊന്നായി എടുത്തുകാട്ടുന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍.

തങ്ങളുടെ ആപ്പിന്റെ സുരക്ഷ കുറയ്ക്കുന്നതിനേക്കാള്‍ യുകെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നു വ്യക്തമാക്കി വാട്‌സാപ് മേധാവി വില്‍ ക്യാത്കാര്‍ട്ട്, ഇതോടുകൂടി ,  രംഗത്തെത്തിയിരിക്കുകയാണ്. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്ന് ക്യാത്കാര്‍ട്ട് പ്രസ്താവിച്ചത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷയാണ് വേണ്ടത് എന്നും 98 ശതമാനം ഉപയോക്താക്കളും ബ്രിട്ടനും വെളിയിലാണ് ഉള്ളതെന്നും അവരാരും വാട്‌സാപിന്റെ സുരക്ഷാ സംവിധാനം കുറയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ക്യാത്കാര്‍ട്ട് പറഞ്ഞു. അടുത്തിടെ ഇറാനില്‍ വാട്‌സാപ് നിരോധിച്ചിരുന്നുവെന്നും, എന്നിരുന്നാലും ഇന്നേവരെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രവും അങ്ങനെ ചെയ്തിട്ടില്ല എന്നുംക്യാത്കാര്‍ട്ട് ചൂണ്ടിക്കാട്ടി.

ഉപയോക്താക്കള്‍ കൈമാറുന്ന സന്ദേശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കണം എന്നാണ് പുതിയ ബില്ലിലെ നിര്‍ദ്ദേശമെങ്കില്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനപ്പിച്ചേക്കാമെന്നായിരുന്നു ലോകത്തെ ഏറ്റവും വിശ്വസിക്കാവുന്ന സമൂഹ മാധ്യമ ആപ്പുകളിലൊന്നായി അറിയപ്പെടുന്ന സിഗ്നലിന്റെ പ്രസിഡന്റെ മെറഡിത് വിറ്റകര്‍ പ്രതികരിച്ചത്. യുകെയിലുള്ള സിഗ്നല്‍ ഉപയോക്താക്കള്‍ തുടര്‍ന്നും ആപ്പ് ഉപയോഗിക്കാനായി അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതൊഴികെ കമ്പനി മറ്റെന്തും ചെയ്യുമെന്ന നിലപാടിലാണ് മെറഡിത് വിറ്റകര്‍. പരസ്പരം മത്സരിക്കുന്ന ആപ്പുകളാണെങ്കിലും, സിഗ്നല്‍ പ്രസിഡന്റിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ക്യാത്കാര്‍ട്ട് രംഗത്തെത്തിയത്.

മറ്റു ലോക രാഷ്ട്രങ്ങളും ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന പേടി വാട്‌സാപിന് ഉണ്ടെന്നും വിദഗ്ദ്ധർ സൂചന നൽകുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട ആവശ്യവുമായി എത്തിയപ്പോഴും കമ്പനി സ്വീകരിച്ച നിലപാട് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിക്കാനാവില്ല എന്നും അങ്ങനെ നിര്‍ബന്ധമാണെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നുമായിരുന്നു.

സമൂഹ മാധ്യമങ്ങളുടെയും, ഉപയോക്താക്കള്‍ സൃഷ്ടിച്ചു കൈമാറുന്ന കണ്ടെന്റിന്റെയും കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് ബ്രിട്ടന്റെ ഓണ്‍ലൈന്‍ സുരക്ഷാ ബില്ലിന്റെ ലക്ഷ്യം. നിയമവിരുദ്ധമായ ഉള്ളടക്കം (പ്രത്യേകിച്ചും കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ്) സമൂഹ മാധ്യമങ്ങള്‍ വഴി  പ്രചിരിക്കരുത് എന്നതാണ് ബ്രിട്ടൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന കാര്യം. അതൂ കൂടാതെ, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വമ്പന്‍ പ്ലാറ്റ്‌ഫോമുകള്‍, നിയമാനുസൃതം ആണെങ്കില്‍ പോലും ഹാനികരമായേക്കാവുന്ന കണ്ടെന്റ് പ്രചരിക്കുന്നത് തടയണമെന്നും ബില്‍ നിർദേശിക്കാനിടയുണ്ട്. ഇത്തരം ഉള്ളടക്കങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിലുണ്ടെങ്കില്‍ അത് നീക്കിക്കളയുന്നതിന്റെ ഉത്തരവാദിത്വം അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും. ഇതെല്ലാം നടക്കുന്നുണ്ടെന്നറിയാന്‍ ഓഫ്‌കോം (Ofcom) എന്ന പേരില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചേക്കും. ബില്ലിന്റെ കരടു രൂപം 2021 മെയിലാണ് പുറത്തുവിട്ടത്. ഇതിലെ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തുവരികയാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here